കനത്ത നഷ്ടത്തിലേക്ക് പതിച്ച് ഓഹരി വിപണി; സെന്‍സെക്‌സില്‍ 660 പോയന്റ് നഷ്ടം

മുംബൈ: ആഴ്ചയുടെ ആദ്യ ദിനത്തില്‍ നേരിയ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് കനത്ത നഷ്ടത്തിലേക്ക് പതിച്ചു. യുഎസിലെ ശക്തമായ തൊഴില്‍ വിവരക്കണക്കുകളാണ് വിപണിയെ പുറകോട്ടടിച്ചത്. അതോടെ യുഎസ് ട്രഷറി ആദായത്തില്‍ കുതിപ്പുണ്ടായി. നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റതും വിപണിയെ ബാധിച്ചു.

ഒരു ശതമാനം താഴ്ന്ന് 71,355ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. സമാനമായ ഇടിവോടെ നിഫ്റ്റി 21,511ലെത്തി. നിഫ്റ്റി മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളെയും ലാഭമെടുപ്പ് ബാധിച്ചു. ഇരു സൂചികകളും ഒരു ശതമാനംവീതം താഴ്ന്നു. പൊതുമേഖല ബാങ്ക്, എഫ്എംസിജി, ഐടി, ഫാര്‍മ സൂചികകളാണ് കാര്യമായ നഷ്ടം നേരിട്ടത്. സൂചികകള്‍ രണ്ട് ശതമാനംവരെ ഇടിവ് നേരിട്ടു.

അതേസമയം, തകര്‍ച്ച താല്‍ക്കാലികമാണെന്നും വിപണി ബുള്ളിഷ് ആണെന്നുമാണ് വിലയിരുത്തല്‍. വൈകാതെ നിഫ്റ്റി 22,000 പിന്നിടുമെന്നുമാണ് നിരീക്ഷണം. പണപ്പെരുപ്പ കണക്കുകള്‍, ബാങ്ക് വായ്പാ-നിക്ഷേപ വളര്‍ച്ചാ വിവരങ്ങള്‍, മൂന്നാം പാദഫലങ്ങള്‍ എന്നിവയാകും വിപണിയെ ചലിപ്പിക്കുക.

ജനുവരി 11ന് ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനഫലങ്ങളോടെയാണ് വരുമാന സീസണ്‍ ആരംഭിക്കുക. ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ എന്നിവയുടെ പ്രവര്‍ത്തനഫല പ്രഖ്യാപനങ്ങള്‍ പിന്നാലെ ഉണ്ടാകും.

Top