ഓഹരി വിപണിയിൽ ഇടിവ് ; നിക്ഷേപകര്‍ക്ക് നഷ്ടമായത് 2.12 ലക്ഷം കോടി

യുഎസ് വിപണി കനത്ത നഷ്ടത്തിലായതും കൊറോണ ലോകരാജ്യങ്ങളെ പിടിച്ചു കുലുക്കിയതും രാജ്യത്തെ ഓഹരി വിപണിയെ വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. 2.12 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് മിനുട്ടുകള്‍ക്കുള്ളില്‍ നഷ്ടമായത്. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 625 പോയന്റാണ് താഴ്ന്നത്. നിഫ്റ്റിയില്‍ 170 പോയന്റിന്റെയും നഷ്ടമുണ്ടായി.

 

156.86 ലക്ഷം കോടി വിപണമൂല്യത്തോടെയാണ് വ്യാഴാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ വ്യാപാര ആരംഭിച്ചയുടനെ മൂല്യം 154.85 ലക്ഷത്തിലേയ്ക്ക് താഴ്ന്നു. ഐസിഐസിഐ ബാങ്കാണ് നഷ്ടത്തില്‍ മുന്നില്‍. ഓഹരി വില 2.99ശതമാനം താഴ്ന്ന് 371.30 നിലവാരത്തിലായി. എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളും കനത്ത നഷ്ടംനേരിട്ടു. നിഫ്റ്റി സ്മോള്‍ ക്യാപ് 1.55ശതമാനവും മിഡ്ക്യാപ് 1.53ശതമാനവും താഴ്ന്നു.

 

യുഎസ് വിപണിയില്‍ കഴിഞ്ഞ ദിവസം കുത്തനെയുണ്ടായ ഇടിവാണ് രാജ്യത്തെ സൂചികകളുടെയും കരുത്തുചോര്‍ത്തിയത്. നാസ്ദാക്ക് അഞ്ചുശതമാനമാണ് നഷ്ടത്തിലായത്. എസ്ആന്‍ഡ്പി 500 3.5ശതമാനവും താഴ്ന്നു. നാസ്ദാക്കിലെ ആപ്പിള്‍ ഉള്‍പ്പടെയുള്ള ടെക് ഭീമന്മാര്‍ക്ക് അടിതെറ്റി. മൈക്രോ സോഫ്റ്റ്, ആമസോണ്‍, ടെസ് ല തുടങ്ങിയ ഓഹരികള്‍ ആറുശതമാനത്തോളമാണ് ഇടിഞ്ഞത്.

Top