വലിയ വേലിയേറ്റങ്ങൾക്കും വേലിയിറക്കത്തിനും വിപണി വേദിയാകുന്ന ദിനങ്ങൾ വരുന്നു

മ്പനികളിൽ നിന്നു സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ലാഭനഷ്‌ടക്കണക്കുകളുടെ പ്രവാഹം ഈ ആഴ്ച ആരംഭിക്കുകയായി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ആകെത്തന്നെ ഉറ്റുനോക്കുന്ന കണക്കുകളാണെങ്കിലും പ്രവർത്തന ഫല പ്രഖ്യാപനങ്ങളോടുള്ള പ്രതികരണം ആദ്യം പ്രകടമാകുന്നത് ഓഹരി വിപണിയിലായിരിക്കും. വലിയ തോതിലുള്ള വേലിയേറ്റങ്ങൾക്കും വേലിയിറക്കത്തിനും വിപണി വേദിയാകുന്ന ദിനങ്ങൾ.

വാഹന നിർമാണ കമ്പനികൾ, ബാങ്കുകൾ ഉൾപ്പെടെയുള്ള ധനസ്‌ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവയിൽനിന്നുള്ള പ്രവർത്തന ഫലപ്രഖ്യാപനങ്ങളിലാണു വിപണിക്കു മുന്തിയ പ്രതീക്ഷയുള്ളത്. എണ്ണ, വാതക വ്യവസായങ്ങളുമായി ബന്ധപ്പെട്ട കമ്പനികളുടെ കണക്കുകളിലും പ്രതീക്ഷയുണ്ട്. അടിസ്‌ഥാനസൗകര്യ വികസനം, ഔഷധ നിർമാണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രവർത്തന ഫലവും മികച്ചതായിരിക്കുമെന്നു കരുതുന്നു.

അതേസമയം, രാസവസ്‌തുക്കളും ലോഹങ്ങളും മറ്റുമായി ബന്ധപ്പെട്ട കമ്പനികളുടെ വരുമാനക്കണക്കുകളിൽ ഇടിവാണ് അനുമാനിക്കുന്നത്. ഐടി കമ്പനികളുടെ കണക്കുകളും മെച്ചമല്ലെന്നുവരാം. പ്രവർത്തന ഫലം ആദ്യം പുറത്തുവരുന്നത് ഐടി വ്യവസായത്തിലെ മുൻനിരക്കമ്പനികളായ ടിസിഎസ്, എച്ച്‌സിഎൽ ടെക്നോളജീസ് എന്നിവയിൽനിന്നാണ്. 12ന് ഇവയിൽനിന്നുള്ള കണക്കുകൾ ലഭ്യമാകും. കേരളത്തിൽനിന്നുള്ള ഫെഡറൽ ബാങ്കിന്റെ ഫലം 13ന് അറിയാം. അന്നുതന്നെ വിപ്രോയും ഫലം പ്രഖ്യാപിക്കുന്നുണ്ട്.

ഇൻഫോസിസ്, അൾട്രാടെക് സിമന്റ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഓട്ടോ, സിപ്‌ല, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ടൈറ്റൻ, എക്‌സൈഡ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങി വ്യത്യസ്ത വ്യവസായങ്ങളിൽനിന്നുള്ള പ്രമുഖ കമ്പനികളുടെ ഫല പ്രഖ്യാപനവും ഈ മാസം തന്നെ. ഓഹരി വില സൂചികകൾ റെക്കോർഡ് നിലവാരത്തിലെത്തിനിൽക്കെയാണു കമ്പനികളിൽനിന്നുള്ള വരുമാനക്കണക്കുകൾ പുറത്തുവരുന്നത് എന്ന പ്രത്യേകതയുണ്ട്. അതേസമയം, ഇവ മാത്രമായിരിക്കില്ല ഇന്ന് ആരംഭിക്കുന്ന വ്യാപാരത്തെ സ്വാധീനിക്കുക.

യുഎസിലെയും യൂറോപ്പിലെയും പലിശ നിരക്കുകളുടെ വർധന തുടരാനുള്ള സാധ്യത ആ മേഖലകളിലെ വിപണികളിലാകെ ചലനങ്ങൾ സൃഷ്‌ടിക്കാം. അതിന്റെ പ്രത്യാഘാതം ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കണം. വിദേശ ധനസ്‌ഥാപനങ്ങളിൽനിന്നുള്ള പണ പ്രവാഹം, ഡോളറിന്റെയും അസംസ്‌കൃത എണ്ണയുടെയും വിലയിലെ മാറ്റങ്ങൾ, മഴയുടെ അളവ്, വേനൽകൃഷിയുടെ വ്യാപനം സംബന്ധിച്ച കണക്കുകൾ, പണപ്പെരുപ്പ നിരക്കിലെ മാറ്റം, വ്യവസായോൽപാദനത്തിന്റെ തോത് എന്നിങ്ങനെ വിപണിയെ സ്വീധീനിക്കാനിടയുള്ള കാരണങ്ങൾ പലതാണ്.

വലിയ തോതിലുള്ള ലാഭമെടുപ്പിന്റെ പ്രത്യാഘാതമായാണു കഴിഞ്ഞ ആഴ്‌ചയിലെ അവസാന ദിവസം വിപണിയുടെ മുന്നേറ്റം തടസപ്പെട്ടത്. വിൽപന സമ്മർദം ഈ ആഴ്‌ചയിലും തുടർന്നേക്കാമെങ്കിലും വിപണിയുടെ മുന്നേറ്റ സാധ്യതകൾക്കുതന്നെയാണു മുൻതൂക്കം. നിഫ്‌റ്റിക്കു 19,200 – 19,100 പോയിന്റ് നിലവാരത്തിലെ പിന്തുണ ശക്‌തമായി തുടരുമെന്നു വിശ്വസിക്കാം. എന്നാൽ നിഫ്‌റ്റിക്ക് എത്ര ഉയരത്തിലേക്കു നീങ്ങാനാകുമെന്നു പറയാനാവില്ല. കാരണം 19,500 പോയിന്റ് കനത്ത പ്രതിരോധത്തിന്റേതാണ്.

എച്ച്‌ഡിഎഫ്‌സി ബാങ്കുമായുള്ള ലയനം പൂർത്തിയായ പശ്‌ചാത്തലത്തിൽ എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിന്റെ ഓഹരികളുടെ ക്രയവിക്രയം 12 വരെ മാത്രം. 13 മുതൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികൾ മാത്രമായിരിക്കും വിപണിയിലുണ്ടാകുക.

എച്ച്‌ഡിഎഫ്‌സി ഇരട്ടകളുടെ ലയനം മൂലം എസ് & പി സെൻസെക്‌സ്, നിഫ്‌റ്റി 50 എന്നീ പ്രമുഖ സൂചികകൾ പരിഷ്‌കരിക്കുന്നുണ്ട്. പരിഷ്‌കാരം 13നു നടപ്പിലാകും. നിഫ്‌റ്റി 50 സൂചികയിൽ എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിന്റെ ഒഴിവിൽ എൽടിഐ മൈൻഡ്‌ട്രീ സ്‌ഥാനം പിടിക്കും. എസ് & പി സെൻസെക്‌സിൽ എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിന്റെ സ്‌ഥാനത്തു ജെഎസ്‌ഡബ്ല്യു സ്‌റ്റീൽ വരും. ബിഎസ്‌ഇ 100 എന്ന സൂചികയിൽ എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിനു പകരം സൊമാറ്റോ സ്ഥാനം നേടും.

Top