എല്ലാ മേഖലകളും മുന്നേറ്റം; ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു

തിഞ്ഞ തുടക്കത്തിന് ശേഷം രാജ്യാന്തര വിപണിയുടെ കൂടി പിന്തുണയിൽ ഇന്ത്യൻ വിപണി ഇന്ന് പോസിറ്റീവ് ക്ലോസിങ് നേടി. ഏഷ്യൻ വിപണികളുടെ മിക്സഡ് ക്ളോസിങ്ങിന് ശേഷം ജർമനിയുടെ പിപിഐ ഡേറ്റയിലെ വീഴ്ചയുടെ പിൻബലത്തിൽ യൂറോപ്യൻ വിപണികൾ നേട്ടത്തോടെ മികച്ച ആരംഭം നേടിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി.

എല്ലാ സെക്ടറുകളും നേട്ടമുണ്ടാക്കിയ ഇന്ന് ഐടി സെക്ടറിനൊപ്പം മെറ്റൽ, റിയൽറ്റി സെക്ടറുകളും 1%ൽ കൂടുതൽ മുന്നേറ്റം നേടിയപ്പോൾ മിഡ് & സ്‌മോൾ നിഫ്റ്റി സൂചികകൾ 0.8%വും, 0.6%വും വീതം മുന്നേറി.

നിഫ്റ്റി & ബാങ്ക് നിഫ്റ്റി

ഇന്ന് 19300 പോയിന്റിലെ പിന്തുണ നഷ്ടമായെങ്കിലും തിരിച്ചു കയറിയ നിഫ്റ്റി 1943 പോയിന്റ് കടക്കാനാകാതെ തിരിച്ചിറങ്ങി 19393 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. നാളെയും 19300 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്ന നിഫ്റ്റി 19500 പോയിന്റിൽ റെസിസ്റ്റൻസും പ്രതീക്ഷിക്കുന്നു.

ഇന്ന് അവസാന മണിക്കൂറിലെ വീഴ്ചയിൽ നേട്ടം 150 പോയിന്റിലേക്കൊതുക്കി 44000 പോയിന്റിന് തൊട്ട് മുകളിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി മുന്നേറ്റ പ്രതീക്ഷയിലാണ്. 43800 പോയിന്റിലും 43600 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്ന നിഫ്റ്റി 44200 പോയിന്റിലും 44400 മേഖലയിലും റെസിസ്റ്റൻസുകൾ നേരിട്ടേക്കാം.

ജിയോ ഫിനാൻഷ്യൽ സർവിസ്

ഇന്ന് ലിസ്റ്റ് ചെയ്ത ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് സർക്യൂട്ട് ലിമിറ്റായ 5% വീഴ്ച കുറിച്ച് 248.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അടുത്ത 9 ദിവസങ്ങളിലും ‘’ടി’’ സെഗ്‌മെന്റിലായിരിക്കുന്ന ഓഹരിയുടെ സർക്യൂട്ട് ലിമിറ്റ് 5% തന്നെയായിരിക്കും.

വീണ്ടും മുന്നേറി അദാനി ഓഹരികൾ

തുടരുന്ന നിക്ഷേപ പിന്തുണയിൽ ഇന്നും അദാനി ഓഹരികൾ നേട്ടമുണ്ടാക്കിയതും ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമായി. അദാനി എന്റർപ്രൈസസ് 2% മുന്നേറിയപ്പോൾ അദാനി പവറും, അദാനി ട്രാൻസ്മിഷനും 5%ൽ കൂടുതൽ മുന്നേറി. ജിക്യൂജി പാർട്നേഴ്സ് അദാനി പോർട്ടിൽ ഓഹരി പങ്കാളിത്തം ഉയർത്തിയതും ഓഹരിക്കനുകൂലമായി.

ജാക്സൺ ഹോൾ സിമ്പോസിയം

പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ പ്രൈം ലെൻഡിങ് റേറ്റ് കുറച്ചതും, ജർമനിയുടെ ഫാക്ടറി ഗേറ്റ് പണപ്പെരുപ്പത്തിൽ വലിയ വീഴ്ച റിപ്പോർട്ട് ചെയ്തതും യൂറോപ്യൻ വിപണിക്ക് ഇന്ന് നൽകിയ മികച്ച തുടക്കം ലോക വിപണിക്ക് തുടർന്നും അനുകൂലമായേക്കാം. അമേരിക്കൻ ഫ്യൂച്ചറുകളും മുന്നേറ്റം തുടരുന്നുണ്ടെങ്കിലും, അമേരിക്കൻ ബോണ്ട് യീൽഡും മുന്നേറുന്നതും ഡോളർ ശക്തമായി തന്നെ തുടരുന്നതും ഇന്ന് അമേരിക്കൻ വിപണിക്ക് നിർണായകമാണ്.

അമേരിക്കൻ ഫെഡ് റിസർവിന്റെ വാർഷിക ജാക്സൺ ഹോൾ ഇക്കണോമിക് സിമ്പോസിയം വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച ഫെഡ് ചെയർമാൻ ജെറോം പവലും, യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റിൻ ലെഗാർഡും സംസാരിക്കാനിരിക്കുന്നതും ലോക വിപണിക്ക് പ്രധാനമാണ്. ബുധനാഴ്ച പിഎംഐ ഡേറ്റകൾ വരാനിരിക്കുന്നതും ലോക വിപണിക്ക് നിർണായകമാണ്.

പലിശ നിരക്ക് കുറച്ച് ചൈന

പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഹ്രസ്വകാല വായ്പകൾക്കുള്ള പ്രൈം ലെൻഡിങ് റേറ്റ് 3.45% ആയ കുറച്ചപ്പോൾ ദീർഘകാല വായ്പകൾക്കുള്ള അടിസ്ഥാന പലിശ നിരക്ക് മാറ്റമില്ലാതെ തുടർന്നത് വിപണിയുടെ ആവേശം കെടുത്തി. എങ്കിലും സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്താനായുള്ള നടപടികൾ ചൈന തുടങ്ങി വെച്ചത് വിപണിക്ക് അനുകൂലമാണ്.

കുറയുന്ന ജർമൻ പണപ്പെരുപ്പം

ജൂലൈ മാസത്തിൽ ജർമനിയുടെ പ്രൊഡ്യൂസേഴ്സ് പ്രൈസ് ഇൻഡക്സ് -1.1% വീഴ്ച കുറിച്ചപ്പോൾ വാർഷിക വളർച്ചയിൽ 6% കുറവാണ് പ്രതിഫലിച്ചത്. ജർമനിയുടെ വ്യാവസായികോല്പാദന നിയന്ത്രണങ്ങൾക്കിടയിലും മൊത്തവില സൂചികയിൽ കുറവ് യൂറോപ്യൻ പണപ്പെരുപ്പം കുറയുന്നതിന്റെ കൂടി സൂചനയായി വിപണി കണക്കിലെടുത്തേക്കാം.

ക്രൂഡ് ഓയിൽ

ഓഗസ്റ്റിലെ ക്രൂഡ് ഓയിൽ കയറ്റുമതി കുറഞ്ഞെന്ന ഒപെക് റിപ്പോർട്ടും, ചൈനയുടെ ഹ്രസ്വകാല വായ്പ നിരക്ക് കുറച്ചതും ക്രൂഡ് ഓയിലിന് അനുകൂലമായി. ബ്രെന്റ് ക്രൂഡ് ഓയിൽ നിരക്ക് 85 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്.

സ്വർണം

അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് വീണ്ടും 4.30%ലേക്ക് തിരികെ എത്തിയത് സ്വർണ വിലയിൽ വീണ്ടും സമ്മർദ്ദകാരണമായേക്കാം. 1920 ഡോളറിൽ താഴെയാണ് സ്വർണവില തുടരുന്നത്.

ഐപിഓ

കെമിക്കൽ പാക്കേജിങിനായി ഉപയോഗിക്കുന്ന പോളിമർ ഡ്രംസ് നിർമിക്കുന്ന 1997 ൽ സ്ഥാപിതമായ പിരമിഡ് ടെക്‌നോപ്ലാസ്റ്റിന്റെ ഐപിഓ നാളെ അവസാനിക്കുന്നു. ഐപിഓ വില 151-166 രൂപയാണ്.

Top