ചരിത്ര നേട്ടം കുറിച്ച് ഓഹരി വിപണി

sensex

മുംബൈ: മറ്റൊരുനാഴികക്കല്ലുകൂടി പിന്നിട്ട് സെന്‍സെക്‌സ് ഇതാദ്യമായി 60,000 കടന്നു. നിഫ്റ്റിയാകട്ടെ 17,900വും പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 325 പോയന്റ് നേട്ടത്തില്‍ 60,211ലും നിഫ്റ്റി 93 പോയന്റ് ഉയര്‍ന്ന് 17,916ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

പലിശനിരക്ക് ഉയര്‍ത്തല്‍, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസര്‍വിന്റെ നിലപാടില്‍ നിക്ഷേപകര്‍ ആത്മവിശ്വാസം പുലര്‍ത്തിയതാണ് ആഗോളതലത്തില്‍ വിപണികള്‍ക്ക് കരുത്തായത്. ഡൗ ജോണ്‍സ് സൂചിക 1.48ശതമാനവും എസ്ആന്‍ഡ്പി 500 1.21ശതമാനവും നേട്ടത്തിലായിരുന്നു ക്ലോസ്‌ ചെയ്തത്.

നാസ്ദാക്ക് സൂചിക 1.04ശതമാനവും ഉയര്‍ന്നു. വിപണിയില്‍ കാളകള്‍ പിടിമുറുക്കിയതിന്റെ സൂചനയായാണ് കഴിഞ്ഞ ദിവസം 950 പോയന്റിലേറെ നേട്ടമുണ്ടായത്. മിക്കവാറും ഏഷ്യന്‍ സൂചികകളിലും നേട്ടം പ്രകടമാണ്.

ജപ്പാന്റെ ടോപിക്‌സ് ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. എവര്‍ഗ്രാന്‍ഡെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചൈനീസ് വിപണികള്‍ നഷ്ടത്തില്‍ തുടരുകയാണ്. ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, വിപ്രോ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

 

Top