ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു. വ്യാപാരത്തിനിടെ സെന്‍സെക്‌സ് ആയിരത്തോളം പോയന്റ് ഇടിഞ്ഞെങ്കിലും ഒടുവില്‍ തിരിച്ചുകയറി 410 പോയന്റ് നഷ്ടത്തില്‍ 59,667.60ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 106.50 പോയന്റ് നഷ്ടത്തില്‍ 17,748.60 ലുമെത്തി.

അനുകൂലമല്ലത്ത ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതുമാണ് സൂചികകളെ ബാധിച്ചത്. യുഎസ് ബോണ്ട് ആദായവര്‍ധനയും ചൈനീസ് വിപണിയിലെ പ്രതികൂലസാഹചര്യങ്ങളുമാണ് ആഗോള വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായത്.

ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. പവര്‍ഗ്രിഡ് കോര്‍പ്പ്, കോള്‍ ഇന്ത്യ, ഐഒസി, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

റിയല്‍റ്റി, ഐടി സൂചിക 2-3 ശതമാനം താഴ്ന്നു. മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചിക യഥാക്രമം 0.71 ശതമാനം, 0.62 ശതമാനവും ഇടിഞ്ഞു.

 

Top