ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. ദിവസം മുഴുവന്‍ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് 17.43 പോയന്റ് താഴ്ന്ന് 58,279.48ലും നിഫ്റ്റി 15.70 പോയന്റ് നഷ്ടത്തില്‍ 17,362.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള ഘടകങ്ങള്‍ വിപണിയെ സ്വാധീനിച്ചതോടൊപ്പം കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തില്‍നിന്ന് വ്യാപകമായി ലാഭമെടുപ്പ് നടന്നതും സൂചികകളെ സമ്മര്‍ദത്തിലാക്കി. സണ്‍ ഫാര്‍മ, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, ഗ്രാസിം, ഐടിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, നെസ് ലെ, ശ്രീ സിമെന്റ്‌സ്, റിലയന്‍സ്, ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, ടൈറ്റാന്‍ കമ്പനി, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

എഫ്എംസിജി ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐടി, റിയാല്‍റ്റി സൂചികകള്‍ 1-2ശതമാനം നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

Top