ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ രണ്ടാം ദിവസവും സൂചികള്‍ നഷ്ടത്തിലായി. ഏഷ്യന്‍ സൂചികകളിലെ തളര്‍ച്ചയാണ് രാജ്യത്തെ വിപണികളെയും ബാധിച്ചത്. നിഫ്റ്റി 15,750ന് താഴെയെത്തി. സെന്‍സെക്‌സ് 273.51 പോയന്റ് നഷ്ടത്തില്‍ 52,678.76ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 15,746.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിലെ ടെക് ഓഹരികള്‍ തകര്‍ച്ചനേരിട്ടതും ഉടനെ വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗതീരുമാനവുമാണ് ഉച്ചക്കുശേഷമുള്ള വ്യാപാരത്തെ സ്വാധീനിച്ചത്.

പ്രതീക്ഷിച്ചതിലും മോശം പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് ഡോ.റെഡ്ഡീസ് ലാബ് 10ശതമാനത്തോളം തകര്‍ന്നു. സിപ്ല, ആക്‌സിസ് ബാങ്ക്, അദാനി പോര്‍ട്‌സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളും നഷ്ടം നേരിട്ടു. ഹിന്‍ഡാല്‍കോ, എസ്ബിഐ ലൈഫ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

നിഫ്റ്റി ഫാര്‍മ നാലുശതമാനത്തോളം താഴ്ന്നു. മെറ്റല്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒഴികെയുള്ളവ നഷ്ടം നേരിട്ടു. ഓഹരി വിപണി സമ്മര്‍ദം നേരിട്ടതോടെ രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ നേരിയ നഷ്ടത്തില്‍ 74.46 നിലവാരത്തിലായിരുന്നു ക്ലോസിങ്. 74.35-74.54 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

 

Top