ഓഹരി സൂചികകൾ നേട്ടത്തോടെ ക്ലോസ് ചെയ്തു; സെൻസെക്‌സ് 52,000 കടന്നു

മുംബൈ: ഓഹരി സൂചികകൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. റെക്കോർഡ് ഉയരം കുറിച്ച് സെൻസെക്‌സ് 52,000വും നിഫ്റ്റി 15,000വും കടന്നു. സെൻസെക്‌സ് 609.83 പോയന്റ് നേട്ടത്തിൽ 52,154.13ലും നിഫ്റ്റി 151.40 പോയന്റ് ഉയർന്ന് 15,314.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1337 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1648 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികൾക്ക് മാറ്റമില്ല.

ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോർകോർപ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു.

നിഫ്റ്റി ബാങ്ക് സൂചിക 3.3ശതമാനവും പൊതുമേഖല ബാങ്ക് സൂചിക 2.3ശതമാനവും ഉയർന്നു. ബിഎസ്ഇ റിയാൽറ്റി സൂചിക 1.4ശതമാനവും നേട്ടമുണ്ടാക്കി. ബാങ്ക്, ധനകാര്യ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകൾക്ക് കരുത്തായത്. വിദേശനിക്ഷേപകർ നിക്ഷേപം തുടരുന്നതും വിപണി നേട്ടമാക്കി. ഫെബ്രുവരിയിൽ ഇതുവരെ മാത്രം 21,904 കോടി രൂപയാണ് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ രാജ്യത്തെ ധനകാര്യവിപണിയിൽ മുടക്കിയത്.

Top