ഐക്യരാഷ്ട്ര സഭയില്‍ നിന്ന് വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നു; തരൂരിനെതിരെ സത്താര്‍ പന്തല്ലൂര്‍

കോഴിക്കോട്: മുസ്ലിം ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളന വേദിയില്‍ ശശി തരൂര്‍ നടത്തിയ പരാമര്‍ശത്തെച്ചൊല്ലി വിവാദം കനക്കുന്നു. തരൂരിനെതിരെ എസ്.കെ.എസ്.എസ്.എഫും ഇടതുപക്ഷവും രംഗത്തെത്തി. തരൂരിന്റേത് ഇരകളെ തീവ്രവാദിയാക്കുന്ന മുടന്തന്‍ വാദമാണെന്നും ഹമാസിന്റേത് ഭീകരവാദമായി അവതരിപ്പിക്കുന്നത് നീതികരിക്കാനാകില്ലെന്നും എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി ഒ പി അഷ്‌റഫ് പറഞ്ഞു. മുസ്ലിം രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വേദിയിലെ അത്തരം പ്രയോഗം എന്ത് താല്‍പര്യത്തിന്റെ പുറത്താണെന്നും അഷ്‌റഫ് ചോദിച്ചു.

ഇസ്രയേലിനെതിരെ നടന്നത് ഭീകരാക്രമണമെന്ന ശശി തരൂരിന്റെ പരാമര്‍ശം അത്ഭുതപ്പെടുത്തി എന്നാണ് സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂരും പ്രതികരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പലസ്തീന്‍ അനുകൂല പ്രമേയം ശശി തരൂര്‍ എതിര്‍ത്തു. ഐക്യരാഷ്ട്ര സഭയില്‍ നിന്ന് വാങ്ങിയ ശമ്പളത്തിന് തരൂര്‍ ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ വൈകി എന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഇസ്രയേലിനെ ആക്രമിച്ചത് ഭീകരവാദികള്‍, പ്രത്യാക്രമണം അതിരുകടന്നു എന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഹമാസിനെയാണ് ശശി തരൂര്‍ ഭീകരര്‍ എന്ന് വിശേഷിപ്പിച്ചത്. ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലിനെ ആക്രമിച്ചു. 1400 പേര്‍ കൊല്ലപ്പെട്ടു. പക്ഷേ ഇസ്രയേല്‍ അതിന് നല്‍കിയ മറുപടി ഗാസയില്‍ ബോംബിട്ടുകൊണ്ടാണ്. അതില്‍ 6000 തിലധികം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഇപ്പോഴും ബോംബാക്രമണം നിര്‍ത്തിയിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു.

Top