അന്ന് അപ്പീല്‍ കൊടുക്കാതിരുന്നതിന്റെ കാരണം ഇതാണ്; പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്മിത്ത്

Steve Smith

സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു പന്ത് ചുരണ്ടല്‍ വിവാദം. അതിലെ വിവാദ നായകന്‍മാരുടെ വിലക്ക് കാലാവധി ഈ വരുന്ന മാര്‍ച്ചില്‍ അവസാനിക്കുകയാണ്. എന്നിട്ടും ഇപ്പോഴും ആ സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് അവസാനിച്ചിട്ടില്ല. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം എന്ത്‌ക്കൊണ്ട് വീണ്ടും അപ്പീലിന് പോയില്ലെന്ന ചോദ്യമാണ് അക്കൂട്ടത്തില്‍ ഏറ്റവും ശക്തമായി ഉയര്‍ന്നു വരുന്നത്.

ഇപ്പോള്‍ ഇതാ ആ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിവാദ നായകനും മുന്‍ ഓസീസ് ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്ത്. തെറ്റ് ചെയ്തുവെന്നുള്ള ബോധ്യം ഉണ്ടായിരുന്നത് കൊണ്ടാണ് ഇക്കാര്യത്തില്‍ പിന്നീട് അപ്പീലിന് പോകാതിരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ആ തെറ്റിന്റെ ഉത്തരവാദിത്തം എനിക്കായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആ സംഭവത്തിന് ശേഷം ഒരുപാട് ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെ കടന്ന് പോയി. ഈ ദിവസങ്ങളില്‍ എല്ലാവരും സഹായവുമായെത്തി. കൂടെ നിന്നവരുടെ പിന്തുണ വലുതായിരുന്നു. ഞാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത ദിവസങ്ങള്‍ കടന്ന് പോയിരിക്കുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അന്ന് ചെയ്തത് വലിയ ഒരു തെറ്റ് തന്നെയാണ്. എന്നാലിപ്പോള്‍ മുന്നോട്ട് പോവുകയാണ്. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്നും സ്മിത്ത് പറഞ്ഞു.

വരുന്ന മാര്‍ച്ച് 30നാണ് സ്മിത്തും വിവാദത്തില്‍ ഉള്‍പ്പെട്ട ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബെന്‍ക്രോഫ്റ്റ് എന്നിവരുടെ വിലക്ക് അവസാനിക്കുക. ഒരു വര്‍ഷത്തെ വിലക്കാണ് മൂവര്‍ക്കും ഏര്‍പ്പെടുത്തിയിരുന്നത്.

Top