പന്ത് ചുരണ്ടല്‍ വിവാദം; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു

കാൻബറ : പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. രാജി വിവരം ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥരീകരിച്ചു. ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചു. കേപ് ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ സഹായിച്ചതിനെതിരെ നടപടി വേണമെന്നും രാജി വെക്കണമെന്നും സര്‍ക്കാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ എയ്ഡന്‍ മര്‍ക്രവും എ.ബി. ഡിവില്ലിയേഴ്‌സും ബാറ്റ് ചെയ്യുന്നതിനിടെ ഓസീസ് ഫീല്‍ഡര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച ചെറു പ്ലാസ്റ്റിക് കഷണമുപയോഗിച്ച് പന്ത് ചുരണ്ടുന്നതാണ് വിഡിയോയില്‍ കുരുങ്ങിയത്. ഇത് വിവാദമായതോടെ താനും അറിഞ്ഞുകൊണ്ടാണ് സംഭവം നടന്നതെന്ന് സ്റ്റീവ് സ്മിത്ത് സമ്മതിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ടീമിനെതിരെ അന്വേഷണത്തിന് തീരുമാനമായിരുന്നു.

ക്രിക്കറ്റ് ഓസ്‌ട്രേലിയ ഹെഡ് ഓഫ് ഇന്റെഗ്രിറ്റി, ഇയാന്‍ റോയിയും ഹെഡ് ഓഫ് ടീം പെര്‍ഫോമന്‍സ്, പാറ്റ് ഹോവാര്‍ഡും സംഭവത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരം ശേഖരിക്കുവാന്‍ ദക്ഷിണാഫ്രിക്കയിലേക്ക് യാത്രയായി എന്നാണ് റിപ്പോര്‍ട്ട്.

Top