പ്ലാച്ചിമട ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ അറിയിക്കണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പ്ലാച്ചിമടയില്‍ കൊക്കകോളയുടെ ഇരകള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിനായി കേരള നിയമസഭ പാസ്സാക്കിയ ബില്‍ കേന്ദ്രം തിരസ്‌കരിച്ചതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ അറിയിക്കുവാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. മെയ് രണ്ടിന് മുമ്പ് മറുപടി നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം സംബന്ധിച്ച് കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ പ്ലാച്ചിമട ഉന്നതാധികാര സമിതിയുടെ പരിസ്ഥിതിശാസ്ത്ര വിദഗ്ധ അംഗം ഡോ. എസ് ഫെയ്സി കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

കൊക്കകോള കമ്പനി 2000 – 2004 കാലയളവില്‍ നടത്തിയ തീവ്രമായ മലിനീകരണവും അമിത ജലചൂഷണവുമാണ് വിഷയമെന്നിരിക്കെ മലിനീകരണ ബോര്‍ഡ് പാലക്കാട് ജില്ലാ ഓഫീസര്‍ 2019ല്‍ നടത്തിയ ജല പരിശോധനയും പാലക്കാട് പോലീസ് സൂപ്രണ്ട് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടും വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി, ഉന്നതാധികാര സമിതി കണ്ടെത്തിയ തെളിവുകള്‍ ഡോ. എസ്. ഫെയ്സി സമര്‍പ്പിച്ചത് അംഗീകരിച്ചു കൊണ്ടാണ് കമ്മീഷന്റെ പുതിയ ഉത്തരവ്.

Top