വരുമാനം കുറഞ്ഞെന്ന് സംസ്ഥാനങ്ങള്‍; ജിഎസ്ടി നികുതി നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ നടപടി തുടങ്ങി

ന്യൂഡല്‍ഹി: ജിഎസ്ടി നികുതി നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ നടപടി തുടങ്ങി. ചില ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് ഉയര്‍ത്താനും ഏകീകരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞെന്ന സംസ്ഥാനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിരക്ക് ഏകീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉള്‍പ്പെട്ട ഏഴംഗ സമിതി രണ്ടു മാസത്തിനുള്ളില്‍ വിഷയത്തില്‍ ശുപാര്‍ശ നല്‍കും.

പൂജ്യം, അഞ്ച്, പന്ത്രണ്ട്, പതിനെട്ട്, ഇരുപത്തിയെട്ട് എന്നിങ്ങനെയാണ് ഇപ്പോഴത്തെ ജിഎസ്ടി സ്ലാബുകള്‍. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ ഏഴു ശതമാനം വരെ ഇടിവുണ്ടായ വിഷയം കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് പരിഷ്‌ക്കാരത്തിന് മന്ത്രിതല സമിതിക്ക് കേന്ദ്രം രൂപം നല്കിയത്. കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലും പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്രയും അംഗങ്ങളാണ്.

നികുതി പരിഷ്‌കാരത്തിന്റെ ഭാഗമായി ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്ന ചില ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വന്നേക്കാന്‍ സാധ്യതയുണ്ട്. ചില ഉത്പന്നങ്ങള്‍ക്ക് നികുതി കൂട്ടാനും ആലോചനയുണ്ട്. നികുതി ഏകീകരിച്ചാല്‍ ചിലതിന് കുറയും. എന്നാല്‍ വരുമാനം എങ്ങനെ കൂട്ടാം എന്നാവും പ്രധാന ആലോചനയെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.

ഇരട്ട നികുതി പരമാവധി ഒഴിവാക്കുന്നതും സമിതി പഠിക്കും. നികുതി ചോര്‍ച്ച സംസ്ഥാനങ്ങളെ കാര്യമായി ബാധിക്കുന്നുവെന്ന പരാതി ശക്തമാണ്. നിലവില്‍ ഉപയോഗിക്കുന്ന ജിഎസ്ടി സോഫ്റ്റ് വെയര്‍ കുറ്റമറ്റത്താക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ മറ്റൊരു സമിതിക്കും കേന്ദ്രം രൂപം നല്‍കിയിട്ടുണ്ട്. നികുതി കുറച്ചാലും ചോര്‍ച്ച ഒഴിവാക്കി വരുമാനം കൂട്ടാം എന്നായിരുന്നു ജിഎസ്ടി കൊണ്ടു വന്നപ്പോള്‍ ഉണ്ടായിരുന്ന പ്രതീക്ഷ. എന്നാല്‍ ആദ്യ വര്‍ഷങ്ങളിലെ വരുമാനം പോലും ഇപ്പോള്‍ ഇല്ലെന്ന് സംസ്ഥാനങ്ങള്‍ പരാതിപ്പെടുമ്പോള്‍ സാധാരണക്കാര്‍ കൂടുതല്‍ നികുതി നല്‍കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Top