ഇന്ത്യന്‍ പ്രദേശത്തിന്റെ ഭാഗങ്ങളുള്‍പ്പെടുത്തി നേപ്പാളിന്റെ കാര്‍ട്ടോഗ്രാഫിക്; മറുപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: നേപ്പാളിന്റെ നടപടി ചരിത്രപരമായ വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ. ഇന്ത്യന്‍ പ്രദേശത്തിന്റെ സുപ്രധാനഭാഗങ്ങള്‍ അവകാശപ്പെടുന്ന നേപ്പാള്‍ സര്‍ക്കാരിന്റെ പുതിയ ഭൂപടത്തിനു മറുപടിയായാണ് അദ്ദേഹം തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

ഇത്തരം നീതിരഹിതമായ കാര്‍ട്ടോഗ്രാഫിക് വാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഇന്ത്യയുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും മാനിക്കണമെന്നും അദ്ദേഹം നേപ്പാളിനോട് ആവശ്യപ്പെട്ടു. ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായാണ് നേപ്പാളിന്റെ ഇപ്പോഴത്തെ നീക്കമെന്നും അനുരാഗ് ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ ഉള്‍പ്പെടുന്ന പുതിയ ഭൂപടം നേപ്പാള്‍ മന്ത്രിസഭ അടുത്തിടെ അംഗീകരിച്ചിരുന്നു. കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശം എന്തു വില കൊടുത്തും നേപ്പാള്‍ തിരികെ കൊണ്ടുവരുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഒലി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യ ഈ പ്രദേശങ്ങളെ തങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്.

ഇന്ത്യയും നേപ്പാളും 1800 കിലോമീറ്റര്‍ (1118 മൈല്‍) അതിര്‍ത്തി പങ്കിടുന്നുണ്ട്. 2019 നവംബറില്‍ ജമ്മു കശ്മീരിലെയും ലഡാക്കിലെയും പുതുതായി വിഭജിക്കപ്പെട്ട കേന്ദ്രഭരണ പ്രദേശങ്ങള്‍ കാണിക്കുന്നതിനായി ഇന്ത്യ പുതിയ ഭൂപടം പുറത്തിറക്കിയതിന് ശേഷം ആറുമാസം കഴിഞ്ഞാണ് നേപ്പാളുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം ആരംഭിച്ചത്.

കാലാപാനിയെയും ലിപുലേഖിനെയും ഇന്ത്യന്‍ ഭാഗമായി ചിത്രീകരിക്കുന്നതില്‍ നേപ്പാള്‍ പ്രതിഷേധിച്ചിരുന്നു. ഇന്ത്യയുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തി നിര്‍വചിക്കാന്‍ ബ്രിട്ടിഷ് കൊളോണിയല്‍ ഭരണാധികാരികളുമായുള്ള 1816ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് നേപ്പാള്‍ ലിപുലേഖ് പാസ് അവകാശപ്പെടുന്നത്. 1962ലെ ഇന്ത്യചൈന യുദ്ധം മുതല്‍ ഇന്ത്യന്‍ സൈനികരെ അവിടെ വിന്യസിച്ചിട്ടുണ്ടെങ്കിലും ലിംപിയാധുര, കാലാപാനി എന്നീ മേഖലകള്‍ തന്ത്രപ്രധാനമായ പ്രദേശങ്ങളാണെന്ന് നേപ്പാള്‍ അവകാശപ്പെടുന്നു.

മേയ് എട്ടിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസിനെ ചൈനയിലെ കൈലാഷ് മന്‍സരോവറുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഉദ്ഘാടനം ചെയ്തിരുന്നു. പിന്നാലെ നേപ്പാള്‍ ഇതില്‍ പ്രതിഷേധിക്കുകയും പ്രദേശത്ത് സുരക്ഷാ പോസ്റ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. എന്നാല്‍ ഉത്തരാഖണ്ഡിലെ പിതോരാഗഡ് ജില്ലയിലൂടെ കന്നു പോകുന്ന റോഡ് പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Top