കൊറിയർ എത്തുന്ന മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് പകരം ഇഷ്ടിക ; സംഘം പിടിയിൽ

arrest

ന്യൂഡല്‍ഹി: കൊറിയര്‍ കമ്പനിയില്‍ വിതരണത്തിനെത്തുന്ന മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് പകരം ഇഷ്ടിക വെച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

വിലപിടിപ്പുള്ള 63 മൊബൈല്‍ ഫോണുകളാണ് സംഘം തട്ടിയെടുത്തതെന്ന് പൊലീസ്‌ പറഞ്ഞു.

യോഗീന്ദര്‍(28),സൂരജ്(20) എന്നിവരെയാണ് ചാന്ദ്‌നി ചൗക് ഭാഗത്ത് നിന്നും പിടികൂടിയതെന്ന് ഡല്‍ഹി പൊലീസ്‌
കമ്മീഷണര്‍ അറിയിച്ചു.

ഡല്‍ഹിയിലെ കൊറിയര്‍ കമ്പനിയിലെ അംഗീകൃത ഏജന്റാണ് പിടിയിലായ യോഗീന്ദര്‍.വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ചമച്ചാണ് ഇവര്‍ കമ്പനിയില്‍ ജോലിക്ക് കയറിയതെന്നും പൊലീസ്‌ പറഞ്ഞു.

കീര്‍ത്തി നഗറില്‍ ഉപഭോക്താവിന്റെ പേരില്‍ വിതരണത്തിനെത്തിയ മൊബൈല്‍ ഫോണുകളാണ് തട്ടിപ്പ് നടത്തി ഇവര്‍ മോഷ്ടിച്ചത്. മണ്‍കട്ടകളും കല്ലുകളും പെട്ടികളില്‍ പകരം വയ്ക്കുകയും ചെയ്തു.

കൂടുതല്‍ പേര്‍ തട്ടിപ്പിന് പിന്നിലുണ്ടാവുമെന്നാണ് പൊലീസ്‌ കരുതുന്നത്. മോഷണം പോയ മൊബൈല്‍ ഫോണുകളെല്ലാം ഇവരില്‍ നിന്നും പൊലീസ്‌ കണ്ടെടുത്തിട്ടുണ്ട്.

ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണുകള്‍ക്ക് പകരം കൊറിയര്‍ കമ്പനികളില്‍ നിന്നും കല്ല് ലഭിച്ചുവെന്ന പരാതികള്‍ വന്നതോടെയാണ്‌ ഡല്‍ഹി പൊലീസ്‌ അന്വേഷണം ആരംഭിച്ചത്.

കമ്പനി ഏജന്റുമാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

സംഘത്തില്‍ രണ്ടിലധികം പേര്‍ ഉണ്ടെന്നാണ് കരുതുന്നതെന്നും രാജ്യത്തെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് വില്‍പ്പന നടത്താനാവാം ഇവരുടെ ശ്രമമെന്നും പൊലീസ്‌ പറഞ്ഞു.

Top