യെമനില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ

സന: യെമന്‍ സ്വദേശിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ച കേസില്‍ മലയാളിയായ നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. ജുഡീഷല്‍ കൗണ്‍സിലിന്റേതാണ് തീരുമാനം. അപ്പീല്‍ കോടതി വിധിക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീല്‍ ജുഡീഷല്‍ കൗണ്‍സില്‍ ഫയലില്‍ സ്വീകരിച്ചു.

നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ച വിചാരണക്കോടതി ഉത്തരവ് ശരിവച്ചു ഈ മാസം പതിനെട്ടിനാണ് അപ്പീല്‍ കോടതിയുടെ വിധി വന്നത്. ഈ ഉത്തരവിനെതിരെ നിമിഷ യെമനിലെ പരമോന്നത നീതി പീഠമായ ജുഡീഷല്‍ കൗണ്‍സിലിനെ സമീപിക്കുകയായിരുന്നു. വധശിക്ഷയ്ക്കെതിരായ അപ്പീലില്‍ തീരുമാനം ആകുന്നതുവരെ സ്റ്റേ തുടരും.

2014ല്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ കൊല്ലപ്പെട്ട തലാല്‍ അബ്ദു മെഹ്ദിയുമൊന്നിച്ച് യെമനില്‍ ക്ലിനിക് നടത്തുകയായിരുന്നു. മൃതദേഹം ഒളിപ്പിക്കാന്‍ കൂട്ടുനിന്ന യെമന്‍കാരിയായ നഴ്‌സ് ഹനാനെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചിരുന്നു.

സനയിലെ ജയിലിലാണ് നിമിഷ ഇപ്പോഴുള്ളത്. നിമിഷ പ്രിയയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം എഴുപതു ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടിരുന്നു.

Top