സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തു കഴിഞ്ഞു, പദവി വിവാദം കോണ്‍ഗ്രസ് അജണ്ട; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ പദവി വിവാദം കോണ്‍ഗ്രസ് അജണ്ടയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
മാധ്യമ വാര്‍ത്തകളെയും അദ്ദേഹം വിമര്‍ശിച്ചു. പാലയിലെ കോണ്‍ഗ്രസ് നേതാവ് ഇട്ട പോസ്റ്റ് കോണ്‍ഗ്രസ് ഏജന്റായ മാധ്യമ പ്രവര്‍ത്തകന്‍ വാര്‍ത്തയാക്കി. ഇത്തരം കള്ളക്കഥകള്‍ക്ക് അര ദിവസത്തെ ആയുസ് പോലുമില്ല. തൃശൂരില്‍ ടി.എന്‍ പ്രതാപന്റെ വിജയം ഉറപ്പ് വരുത്താന്‍ ഈ സംഘം ഏതു വരെയും പോകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

ബഹുമാന്യനായ സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതല്‍ മലയാളം ചാനലുകള്‍ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ ‘അതേ’ചാനല്‍. പിന്നെ കാക്കക്കൂട്ടം പോലെഎല്ലാവരും ചേര്‍ന്ന് ആക്രമണം. ഒരു വാര്‍ത്ത കൊടുക്കുന്നതിനു മുന്‍പ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്കാര്‍ക്ക്.

ഇത് കോണ്‍ഗ്രസ്സ് അജണ്ടയാണ്. പാലാക്കാരനായ ഒരു കോണ്‍ഗ്രസ്സുകാരനാണ് ആദ്യം ഇത് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിടുന്നത്. ‘അതേ’ചാനലിലെ കോണ്‍ഗ്രസ്സ് ഏജന്റായ റിപ്പോര്‍ട്ടറാണ് ആദ്യം ഇത് ബ്രേക്ക് ചെയ്യുന്നത്. തൃശ്ശൂരില്‍ പ്രതാപന്റെ വിജയം ഉറപ്പുവരുത്താന്‍ ഈ സംഘം ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങള്‍.

ഇനിയും ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും. അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകള്‍. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല.

Top