Statue issue in congress

ന്യൂഡല്‍ഹി : വിലക്ക് വിവാദം ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയാവുന്നു.

ആര്‍. ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കേണ്ടിയിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ, സംഘാടകര്‍ വിലക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകളില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.

രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളും എം.പി. മാരും പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടും വിലക്കിനെതിരെ ശക്തമായി പ്രതികരിക്കാതെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’ നല്‍കിയ ഉമ്മന്‍ചാണ്ടിയുടെ നടപടി സി.പി.എമ്മിന് മാത്രമല്ല കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയിലും പലവിധ സംശയങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തിനും ഇറങ്ങി പോക്കിനുംവരെ ഇടയാക്കിയ ഒരു സംഭവത്തെ, അപമാനത്തിനിരയായ വ്യക്തി തന്നെ ‘നിസാരവല്‍ക്കരി’ ക്കുന്നത് എന്തിന് വേണ്ടിയാണെന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ കോണ്‍ഗ്രസ്സ് ഉപയോഗിച്ച ആയുധം ഇനി തിരിച്ചടിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

പ്രതിച്ഛായ തകര്‍ന്ന മുഖ്യമന്ത്രിയുടെ നിലനില്‍പ്പ് ഭദ്രമാക്കാന്‍ സുഹൃത്തുകൂടിയായ വെള്ളാപ്പള്ളി നടേശനുമായി ചേര്‍ന്നുണ്ടാക്കിയ നാടകമാണ് വിലക്കിന് പിന്നിലെന്ന് പ്രതിഷേധ സമരത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കൊപ്പം പങ്കെടുത്ത ഇടത് എം.പി. മാര്‍ തന്നെ ആക്ഷേപിക്കുന്നതാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തെ വെട്ടിലാക്കുന്നത്.

തനിക്ക് ബോദ്ധ്യപ്പെടാത്ത കാര്യത്തിനാണ് തന്നോട് വരരുതെന്ന് വെള്ളാപ്പള്ളി പറഞ്ഞതെന്ന് എന്തുകൊണ്ട് പ്രധാന മന്ത്രിയെ രേഖാമൂലം അറിയിച്ചില്ലെന്നും വെള്ളാപ്പള്ളിയോടും ബി.ജെ.പി യോടും മൃദു സമീപനം തുടരുന്നത് എന്തിനാണെന്നുമാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ ചോദ്യം.

കൃത്യമായി പൊതുസമൂഹത്തോട് കാര്യങ്ങള്‍ തുറന്ന് പറയുന്നതിന് പകരം ‘താന്‍ ഊഹിക്കുകയാണ്’… ബി.ജെ.പിയാണ് പിന്നിലെന്ന് ‘സംശയിക്കുകയാണ്’… എന്നൊക്കെ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ വെള്ളാപ്പള്ളിയെ കുറ്റവിമുക്തമാക്കിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ്.

ഉമ്മന്‍ ചാണ്ടി മിടുക്കനും പ്രഗത്ഭനും ഭാഗ്യവാനുമാണെന്നും പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തെ വെള്ളപൂശി രംഗത്ത് വന്ന വെള്ളാപ്പള്ളിയുടെ നടപടി ബിജെപി നേതൃത്വത്തെ പോലും അമ്പരപ്പിച്ചിട്ടുണ്ട്.

വെള്ളാപ്പള്ളി – ഉമ്മന്‍ചാണ്ടി ഒത്തുകളിയുടെ ഭാഗമായി അരങ്ങേറിയ നാടകമാണ് വിലക്ക് വിവാദമെന്ന സി.പി.എമ്മിന്റെ ആരോപണത്തെ ഇപ്പോള്‍ രഹസ്യമായാണെങ്കിലും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ശരിവയ്ക്കുന്നുണ്ട്.

തന്നെ പ്രതിമ അനാവരണ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ വെള്ളാപ്പള്ളിക്ക് പങ്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ മാത്രമല്ല ദേശീയ നേതാക്കള്‍ക്കിടയിലും അഭിപ്രായ വ്യത്യാസമുയര്‍ത്താന്‍ വഴി ഒരുക്കിയിട്ടുണ്ട്.

സംഭവത്തില്‍ വെള്ളാപ്പള്ളിക്ക് ഒരു പങ്കുമില്ലെന്ന് ബോധ്യമുണ്ടെന്നും ദുഃഖത്തോടെയാണ് വെള്ളാപ്പള്ളി വരരുതെന്ന് അഭ്യര്‍ത്ഥിച്ചതെന്നുമാണ് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.

വെള്ളാപ്പള്ളിക്ക് പിന്നിലെ സമ്മര്‍ദ്ദത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് മനസ്സിലാക്കുന്നതെന്ന ഒഴുക്കന്‍ മട്ടിലുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു. സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനടക്കമുള്ള ഉന്നത നേതാക്കള്‍ പരസ്യമായി ‘ഒത്തുകളി’ ആരോപണമുന്നയിച്ചതിന്റെ തൊട്ട് പിന്നാലെയാണ് ഇംഗ്ലീഷ് മാഗസിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖവും പുറത്തായിരുന്നത്.

വെള്ളാപ്പള്ളി നടേശനെയും ബി.ജെ.പി നേതൃത്വത്തെയും ആക്രമിക്കുന്നതിന് പകരം മൃദു സമീപനം ചിത്രീകരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ‘രാഷ്ട്രീയ ലൈന്‍’ എന്തായാലും ഹൈക്കമാന്റിന് ദഹിച്ചിട്ടില്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം വേണമെന്ന് സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഒരു വിഭാഗം ആവശ്യമുന്നയിച്ചിരിക്കെ, ഈ പ്രതിസന്ധി മറികടക്കാന്‍ ഉമ്മന്‍ചാണ്ടിയും വെള്ളാപ്പള്ളിയുമായി ചേര്‍ന്നുണ്ടാക്കിയ നാടകമാണ് വിലക്കിന് പിന്നിലെന്ന ആക്ഷേപത്തെ അതുകൊണ്ട് തന്നെ ഹൈക്കമാന്റ് ഗൗരവമായാണ് കാണുന്നത്.

ഉമ്മന്‍ചാണ്ടി, വെള്ളാപ്പള്ളി – ബി.ജെ.പി മുന്നണിയോട് കാണിച്ച മൃദു സമീപനമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് ചൂണ്ടിക്കാണിച്ച് നേതൃമാറ്റം ആവശ്യപ്പെടുന്നവരുടെ വായടക്കാനാണ് ഇങ്ങനെ ഒരു സാഹസത്തിന് മുഖ്യമന്ത്രി മുതിര്‍ന്നതെന്ന അഭിപ്രായം രാഷ്ട്രീയ കേന്ദ്രങ്ങളിലും സജീവമാണ്.

ഏതായാലും ‘വിലക്കില്‍’ വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയതോടെ ‘വെളുക്കാന്‍ തേച്ചത് പാണ്ടായ’ അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

തുടക്കത്തില്‍ മുഖ്യമന്ത്രിയെ വിലക്കിയതിനെതിരെ കോണ്‍ഗ്രസ്സിനേക്കാള്‍ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്ന സി.പി.എം അന്തന്‍നാടകങ്ങള്‍ വ്യക്തമായതോടെ മുഖ്യമന്ത്രിയെയും യു.ഡി.എഫിനെയും ശക്തമായി കടന്നാക്രമിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.

അണിയറയിലെ ‘ചതി’ അറിയാന്‍ അല്പം വൈകിയെന്നും ഇങ്ങനെയൊക്കെ പ്ലാന്‍ ചെയ്യാന്‍ കഴിവുള്ളവര്‍ ഒന്നിനും മടിക്കില്ലെന്നുമാണ് സി.പി.എം. നേതൃത്വത്തിന്റെ വിശദീകരണം.

Top