തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ പട്ടാപ്പകല്‍ അക്രമം; അക്രമി ഓടി രക്ഷപ്പെട്ടു

ghandhistatue

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു നേരെ പട്ടാപ്പകല്‍ അക്രമം. പ്രതിമയിലെ കണ്ണട അടിച്ചുതകര്‍ത്ത അക്രമി കഴുത്തിലിട്ടിരുന്ന മാലയും വലിച്ചുപൊട്ടിച്ചു വലിച്ചെറിഞ്ഞു.

ഇന്നു രാവിലെ 8.30 ഓടെയായിരുന്നു അക്രമം. നിരവധിയാളുകള്‍ നോക്കിനില്‍ക്കെയാണു കാവിമുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ ഒരാള്‍ പ്രതിമയ്ക്കു മുകളില്‍ കയറി പരാക്രമം കാണിച്ചത്. കണ്ണടയും മാലയും പൊട്ടിച്ച ശേഷം അക്രമി പ്രതിമ തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

അക്രമത്തിനു ശേഷം അതിവേഗത്തില്‍ താലൂക്ക് ഓഫീസ് വളപ്പില്‍ നിന്നു പുറത്തേക്കോടി ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്കു ഇയാള്‍ പോവുകയായിരുന്നു. തലകുനിച്ചു വന്നാണ് ഇയാള്‍ താലൂക്ക് ഓഫീസ് വളപ്പിലെത്തി കൃത്യം നിര്‍വഹിച്ചത്. ഇയാള്‍ തിരിച്ചു പോകുന്നതിനിടെ ദൃക്‌സാക്ഷികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രം പോലീസിനു കൈമാറിയിട്ടുണ്ട്. പോലീസ് നഗരം മുഴുവന്‍ അക്രമിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

വിവരമറിഞ്ഞു നൂറുകണക്കിനാളുകളാണു താലൂക്ക് ഓഫീസ് വളപ്പിലെത്തിക്കൊണ്ടിരിക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് സംഘം അക്രമി വലിച്ചുപൊട്ടിച്ച മാല പഴയപടി പ്രതിമയില്‍ അണിയിച്ചിട്ടുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.

2005 ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനാച്ഛാദനം ചെയ്തതാണ് പ്രതിമ. ബസ് സ്റ്റാന്‍ഡില്‍ പോലീസ് സ്ഥാപിച്ച സിസിടിവി കാമറകള്‍ പ്രവര്‍ത്തന രഹിതമായതും തിരിച്ചടിയായി. രണ്ടു വര്‍ഷത്തിലേറെയായി സിസിടിവി ക്യാമറകള്‍ തകരാറിലാണ്.

Top