മതവിശ്വാസത്തിന് മുറിവേൽപിക്കുന്ന പ്രസ്താവന: രാഹുലിന്റെ ‘ശക്തി’ പരാമർശത്തിൽ പരാതി നൽകി ബിജെപി

രാഹുൽ ഗാന്ധിയുടെ ‘ശക്തി’ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി ബിജെപി. ഹിന്ദു മതവിശ്വാസത്തിനു മുറിവേൽപിക്കുന്ന, പരസ്പര വൈരം വളർത്തുന്ന പ്രസ്താവനയാണു രാഹുലിന്റേതെന്നു പരാതിയിൽ പറയുന്നു. മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്രാ സമാപന വേദിയിലായിരുന്നു രാഹുലിന്റെ പരാമർശം. തങ്ങള്‍ പോരാടുന്നതു മോദിക്കെതിരെയല്ല ഒരു ശക്തിക്കെതിരെ (അധികാരത്തിന്) ആണെന്നുമായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.

എന്നാല്‍ രാഹുലിന്‍റെ പ്രസ്താവന ശക്തി ദേവതയെ അപമാനിക്കുന്നതാണെന്നും, ഓരോ സ്ത്രീയും അമ്മയും പെങ്ങളും ശക്തിയാണ്, അവരെ എതിര്‍ക്കുകയാണ് ഇന്ത്യ സഖ്യം ചെയ്യുന്നതെന്നുമായിരുന്നു മോദിയുടെ പ്രതികരണം. തുടര്‍ന്ന് രാഹുലിന്‍റെ പരാമര്‍ശം വലിയ ചര്‍ച്ചയായി. തന്‍റെ വാക്കുകള്‍ പലപ്പോഴും വളച്ചൊടിക്കുകയാണ്, മോദി തെറ്റിദ്ധാരണ പരത്തുന്നുവെന്നും താനുദ്ദേശിച്ചതു ഭരണഘടനാ സ്ഥാപനങ്ങളെ അടക്കം കീഴടക്കിവച്ചിരിക്കുന്ന ശക്തിയെകുറിച്ചാണ്, അതു മോദിയെ കുറിച്ചു തന്നെയാണ് – അത് അദ്ദേഹത്തിന് മനസിലായിട്ടുണ്ട്, അതിനാലാണ് ആ വാക്ക് വളച്ചൊടിക്കുന്നതെന്നുമായിരുന്നു രാഹുലിന്‍റെ വിശദീകരണം.

ഇതിനു ശേഷമാണിപ്പോൾ ഇതേ പരാമര്‍ശത്തില്‍ രാഹുലിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ അപകീർത്തി കേസിൽ രാഹുലിനെ ജാർഖണ്ഡ് കോടതി നേരിട്ടു വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണു പുതിയ വിവാദം ഉയർന്നത്.

Top