കർഷക സമരത്തെയും കർഷകരെയും അവഹേളിച്ചു; സുരേഷ് ഗോപിക്കെതിരെ പ്രതിഷേധ പ്രകടനവുമായി കര്‍ഷകസംഘം പ്രവര്‍ത്തകര്‍

തൃശൂർ: തൃശൂർ നഗരത്തിൽ സുരേഷ് ഗോപിക്കെതിരെ പ്രതിഷേധ പ്രകടനവുമായി കർഷകസംഘം പ്രവർത്തകർ. സുരേഷ് ഗോപി കർഷക സമരത്തെയും കർഷകരെയും അവഹേളിച്ചെന്നാക്ഷേപിച്ചാണ് സ്വരാജ് റൗണ്ടിൽ പ്രവർത്തകർ പ്രകടനം നടത്തിയത്. സുരേഷ് ഗോപി കഴിഞ്ഞ ദിവസം നടത്തിയ ഈ പ്രസംഗമാണ് പ്രതിഷേധത്തിന് കാരണമായത്. കർഷക നിയമം പിൻവലിച്ചതിൽ തനിക്കുളള ദുഖം രേഖപ്പെടുത്തിയ സുരേഷ് ഗോപി സമരം ചെയ്ത കർഷകർക്കെതിരെയും പരാമർശം നടത്തിയിരുന്നു.

ഇതിൽ പ്രതിഷേധിച്ചാണ് കർഷകസംഘം പ്രവർത്തകർ പ്രകടനവുമായി നഗരത്തിൽ ഇറങ്ങിയത്.പാറമേക്കാവ് ക്ഷേത്രം മുതൽ കോർപ്പറേഷൻ ഓഫീസ് വരെയായിരുന്നു പ്രകടനം. കർഷകർക്കെതിരെ നടത്തിയ പരാമർശം പിൻവലിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്നാണ് ആവശ്യം.
സുരേഷ് ഗോപി മാപ്പ് പറയും വരെ സമരവുമായി മുന്നോട്ടു പോകാനാണ് കർഷകസംഘത്തിൻറെ തീരുമാനം.

കഴിഞ്ഞ ദിവസം കാർഷിക നിയമങ്ങൾ തിരിച്ചുവരുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞിരുന്നു. കാർഷിക നിയമം മോദി സർക്കാർ പിൻവലിച്ചതിൽ തനിക്ക് അതിയായ അമർഷം ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കർഷക സമരത്തിൽ പങ്കെടുത്തവരെയും സുരേഷ് ഗോപി പരിഹസിച്ചു.

Top