ജലീലിനെതിരെ രൂക്ഷ വിമര്‍ശനം; ശൈലജ . . കടന്നപ്പള്ളി . . വിമര്‍ശനത്തിന്റെ ചൂടറിഞ്ഞു

state-committee_meet

തൃശൂര്‍: മന്ത്രി കെ.ടി ജലീലിനെതിരെ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. മന്ത്രിയുടെ സ്വന്തം തട്ടകമായ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നതിനു സമാനമായ വിമര്‍ശനമാണ് സംസ്ഥാന സമ്മേളന പൊതു ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെയും സി.പി.എം നേതൃത്വത്തെയും സാക്ഷിയാക്കി പ്രതിനിധികള്‍ നടത്തിയത്.

ജലീലിനെ മന്ത്രിയാക്കിയത് തന്നെ വലിയ മണ്ടത്തരമായി പോയെന്നാണ് ആറ് ജില്ലകളിലെ പ്രതിനിധികള്‍ വിമര്‍ശിച്ചത്. മന്ത്രിയെന്ന നിലയില്‍ ജലീലിന്റെ പ്രവര്‍ത്തനം വളരെ മോശമാണെന്നും പ്രതിനിധികള്‍ തുറന്നടിച്ചു.

ജനപ്രതിനിധികളും ജനങ്ങളും ഏറ്റവും അധികം ആശ്രയിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും മന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം ശരിയായ രൂപത്തില്‍ അല്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

ഉദ്ഘാടനം ചെയ്യാന്‍ മാത്രം ഒരു മന്ത്രി വേണോ എന്നതായിരുന്നു കടന്നപ്പള്ളി രാമചന്ദ്രനെതിരായ വിമര്‍ശനം. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും മന്ത്രി അറിയുന്നില്ലെന്നും ഫയലില്‍ ഒപ്പിടാന്‍ മാത്രം ഒരു മന്ത്രിയുടെ ആവശ്യമില്ലെന്നും വിമര്‍ശനമുയര്‍ന്നു.

മന്ത്രി എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും സര്‍ക്കാറിനെ നാണം കെടുത്തിയതായും ചില പ്രതിനിധികള്‍ തുറന്നടിച്ചു. ഗതാഗത വകുപ്പ് സി.പി.എം ഏറ്റെടുക്കണമെന്നും ആവശ്യമുയര്‍ന്നു. സ്വാശ്രയ ഫീസ് വിഷയത്തില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെയും പ്രതിനിധികള്‍ നിര്‍ത്തിപ്പൊരിച്ചു.

പണമില്ലാത്ത കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നത് ഇടതു സര്‍ക്കാറിന് ചേര്‍ന്നതല്ലന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി. തോമസ് തുറന്നടിച്ചു.

‘ഇവിടെ ഇരിക്കുന്ന എല്ലാ നേതാക്കളും എസ്.എഫ്.ഐയിലൂടെ വളര്‍ന്നു വന്നവരാണ് സ്വാശ്രയ വിഷയത്തില്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ച നിലപാടുകള്‍ സംഘടനയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിയതായും’ എസ്.എഫ്.ഐ നേതാവ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ പ്രതിനിധികളും ആരോഗ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.

പൊലീസില്‍ നിന്നും നീതി ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും സ്വന്തം ജില്ലയില്‍ നിന്നുള്ള പ്രതിനിധി സമ്മേളന പ്രതിനിധികളെ അമ്പരിപ്പിച്ചത്.Related posts

Back to top