59ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴയില്‍ തിരി തെളിഞ്ഞു

ആലപ്പുഴ: 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കം. ആലപ്പുഴയില്‍ മൂന്ന് ദിവസമായാണ് ഇത്തവണ കലോത്സവം നടക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തി.

30 വേദികളിലായി 61 ഇനങ്ങളിലാണ് ആദ്യ ദിവസത്തെ മത്സരങ്ങള്‍. പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. പല വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ മാറ്റുരയ്ക്കുന്നത്.

ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടം, ഒപ്പന, നാടകം, ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ കേരള നടനം, ഹൈസ്‌കൂള്‍ ആണ്‍ കുട്ടികളുടെ ഭരത നാട്യം, കുച്ചുപ്പുടി അടക്കം 62 ഇനങ്ങളില്‍ ആദ്യ ദിനം മത്സരം നടക്കും. മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ അപ്പീലുകളുടെ പ്രളയമില്ലെന്നതും ഈ വര്‍ഷത്തെ കലോത്സവത്തിന്റെ പ്രത്യേകതയാണ്. ഇത് വരെ കിട്ടിയത് ആകെ 250 മാത്രം അപ്പീലുകള്‍ മാത്രമാണ്.

മന്ത്രി ജി സുധാകരനാണ് കലോത്സവത്തിന്‍റെ സ്വാഗതസംഘം അധ്യക്ഷൻ. ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചകപ്പുരയുണ്ട് കലോത്സവവേദിയിൽ. സൗജന്യമായാണ് ഇത്തവണ പഴയിടം സദ്യയൊരുക്കുന്നത്. സദ്യയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്.

Top