ഔദ്യോഗിക ഉദ്ഘാടനമില്ലാതെ സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം: ഔദ്യോഗിക ഉദ്ഘാടനവും മറ്റ് ആര്‍ഭാടങ്ങളും ഒഴിവാക്കി സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാളെ തുടക്കം കുറിക്കും.പ്രളയത്തിനെ തുടര്‍ന്നാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേള ചുരുങ്ങിയ ദിവസങ്ങളില്‍ നടത്തുന്നത്.മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 92 മത്സരയിനങ്ങളിലായി 2200-ഓളം താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയമാണ് വേദി. വെള്ളിയാഴ്ച രാവിലെ ഏഴിന് 3000 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് മേള തുടങ്ങുന്നത്. ഒമ്പതിനാണ് പതാകയുയര്‍ത്തല്‍ ചടങ്ങ്.

രജിസ്ട്രേഷന്‍ വ്യാഴാഴ്ച ഉച്ചമുതല്‍ ആരംഭിക്കും. മൂന്നുമുതല്‍ വിവിധ ജില്ലകളില്‍നിന്ന് കായികതാരങ്ങള്‍ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓവര്‍ബ്രിഡ്ജ് എസ്.എം വി സ്‌കൂളില്‍ നടക്കുന്ന രജിസ്ട്രേഷന്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ തുടങ്ങും. ഏഴ് രജിസ്ട്രേഷന്‍ ഡെസ്‌കുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള സിറ്റി സ്‌കൂളിലാണ് ഭക്ഷണസൗകര്യം ഒരുക്കിയിരിക്കുന്നത്. സ്‌കൂളിനോട് ചേര്‍ന്നുള്ള ആര്‍.ഐ.എല്‍.ടി. ഇന്‍സ്റ്റിറ്റ്യൂട്ടും ഭക്ഷണവിതരണ കേന്ദ്രമാണ്. 3000 പേര്‍ക്കാണ് ഒരു ദിവസം ഭക്ഷണം ഒരുക്കുന്നത്. വ്യാഴാഴ്ച വൈകിട്ടുമുതല്‍ ഭക്ഷണം ഒരുക്കിത്തുടങ്ങും.

ഉച്ചയ്ക്ക് 12 മുതല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും രജിസ്ട്രേഷന്‍ കേന്ദ്രത്തിലേക്ക് കായികതാരങ്ങളെ എത്തിക്കുന്നതിന് രണ്ട് വാഹനങ്ങള്‍ സര്‍ക്കുലര്‍ സര്‍വീസ് നടത്തും. നഗരത്തിലെ ആറു കിലോമീറ്റര്‍ ചുറ്റളവില്‍ 16 സ്‌കൂളുകളിലാണ് കായികതാരങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ഏഴ് സ്‌കൂളുകള്‍ പെണ്‍കുട്ടികള്‍ക്കും ഒമ്പത് സ്‌കൂളുകള്‍ ആണ്‍കുട്ടികള്‍ക്കുമാണ്. താമസസ്ഥലങ്ങളില്‍ പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തും.ഹരിതചട്ടം പാലിച്ചാവും മേള നടത്തുന്നത്.

Top