സമരം തീർക്കാൻ ഭരണകൂടം തയ്യാറാവണം . . ഇല്ലങ്കിൽ നഴ്സുമാർ ഇനി ചെങ്ങന്നൂരിലേക്ക്

strike of nurses

ആലപ്പുഴ: ആറ് മാസമായി ചേര്‍ത്തല കെവി എം ആശുപത്രിയിലെ നഴ്‌സുമാര്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും ഇടപെട്ടില്ലങ്കില്‍ നഴ്‌സുമാര്‍ ചെങ്ങന്നൂരില്‍ ഇറങ്ങും.

ഒരു ആശുപത്രി മാനേജ്‌മെന്റിന്റെ ധിക്കാരത്തിന് മുന്നില്‍ ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും തല കുനിക്കുന്നത് രാഷ്ട്രീയ കേരളത്തിന് തന്നെ അപമാനമാണെന്ന നിലപാടിലാണ് നഴ്‌സിങ്ങ് സംഘടനയായ യു.എന്‍.എ.

സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത ഉപരോധിച്ച സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാര്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തുകയും അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയും ചെയ്ത പശ്ചാത്തലത്തിലാണ് യു.എന്‍.എ. നിലപാട് കടുപ്പിച്ചിരിക്കുന്നത്.
strike of nurses

ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ സമരവേദി ചെങ്ങന്നൂരിലേക്കും മാറ്റാനാണ് തീരുമാനം. അതുവരെ നിലവിലെ പ്രക്ഷോഭം സംസ്ഥാന തലത്തിലേക്ക് കൂടി വ്യാപിപ്പിച്ച് കൂടുതല്‍ ശക്തമാക്കും.

നഴ്‌സുമാരും കുടുംബങ്ങളുമടക്കം മോശമല്ലാത്ത ഒരു വോട്ട് ‘വിഹിതം’ ചെങ്ങന്നൂരിലുണ്ട്. മാത്രമല്ല കേരള രാഷ്ട്രീയത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഉപ തിരഞ്ഞെടുപ്പില്‍ വിജയം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഏറെ നിര്‍ണ്ണായകമാണ്.

നഴ്‌സുമാര്‍ ചെങ്ങന്നൂരില്‍ സംഘടിച്ച് പ്രതിഷേധം തുടങ്ങിയാല്‍ അത് ഭരണപക്ഷത്തിനാണ് ഏറെ വെല്ലുവിളി ഉയര്‍ത്തുക.

ഒരു ഹോസ്പിറ്റല്‍ മാനേജ്‌മെന്റിനെ നിലക്ക് നിര്‍ത്താന്‍ പറ്റാത്ത സര്‍ക്കാറാണോ പിണറായി സര്‍ക്കാറെന്ന ആക്ഷേപത്തിനാകും അത്തരം പ്രചരണങ്ങള്‍ വഴി വക്കുക. ഈ സാഹചര്യത്തില്‍ ഏത് വിധേയനേയും സമരം അവസാനിപ്പിക്കണമെന്ന നിലപാട് മുഖ്യമന്ത്രിക്കുമുണ്ട്.

മന്ത്രിതല ചര്‍ച്ചകള്‍ കൂടി പരാജയപ്പെടുകയും മാനേജ്‌മെന്റ് വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയിട്ടും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പിടിവാശി തുടരുകയാണെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.

ആലപ്പുഴ ജില്ലയിലെ ഒരു ‘പ്രമുഖന്റെ’ പിന്തുണയുള്ളതുകൊണ്ടാണ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ഇപ്പോഴും പിടിവാശിയില്‍’ നില്‍ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാനത്തെ ഹോസ്പിറ്റല്‍ ഉടമകളുടെ സംഘടനയും നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ തലത്തിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മുന്നിലും മാനേജ്‌മെന്റ് നിലപാടുകള്‍ വ്യക്തമാക്കാന്‍ മൂന്നംഗ സമിതിയെ തന്നെ ഇവര്‍ നിയോഗിച്ചിട്ടുണ്ട്.
strike of nurses
കെ.വി.എമ്മിലെ സമരം വിജയിച്ചാല്‍ മറ്റു ഹോസ്പിറ്റലുകളിലും വിവിധ കാര്യങ്ങള്‍ ഉയര്‍ത്തി സമരം തുടങ്ങുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുതലാളിമാരുടെ സംഘടിക്കല്‍.

2013 ലെ മിനിമം വേതനം നടപ്പാക്കുക, അന്യായമായി പുറത്താക്കിയ നഴ്‌സുമാരെ തിരിച്ചെടുക്കുക, അശാസ്ത്രീയമായ ഷിഫ്റ്റ് സമ്പ്രദായം മാറ്റുക തുടങ്ങിയവയാണ് നഴ്‌സുമാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

ദേശീയ പാത ഉപരോധിക്കുന്ന സമരത്തിന് സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷ, സിബി മുകേഷ്, ബെല്‍ജോ, ഷോബി, വിപിന്‍ എം.പോള്‍,റിന്‍സ്, കിരണന്‍, മിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമരക്കാരെ നീക്കം ചെയ്യാന്‍ നടത്തിയ പൊലീസ് ലാത്തിചാര്‍ജ്ജില്‍ 5 നഴ്‌സുമാര്‍ക്ക് പരിക്കേറ്റു. ജാസ്മിന്‍ ഷ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ പണിമുടക്കുമെന്ന് യു.എന്‍.എ വാര്‍ത്താ കുറുപ്പില്‍ അറിയിച്ചു.Related posts

Back to top