മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തില്‍ പി.വി. വിനി വേഗമേറിയ പെണ്‍കുട്ടിയായപ്പോള്‍ മുഹമ്മദ് അജ്മല്‍ വേഗമേറിയ ആണ്‍കുട്ടിയായി.
പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന്റെ താരമാണ് സീനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനം നേടിയ വിനി.12.63 സെക്കന്‍ഡിലാണ് വിനിയുടെ ഫിനിഷിങ്. മേളയില്‍ വിനിയുടെ രണ്ടാം സ്വര്‍ണമാണ്. ലോങ് ജംപിലാണ് ആദ്യ സ്വര്‍ണം.
പാലക്കാട് കല്ലടി സ്‌കൂളിന്റെ താരമാണ് ഒന്നാമതെത്തിയ മുഹമ്മദ് അജ്മല്‍. നേരിയ വ്യത്യാസത്തിലാണ് ഓംകാര്‍ രണ്ടാം സ്ഥാനത്തായത്.
സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഉഷാ സ്‌കൂളിലെ എല്‍ഗ തോമസിന് സ്വര്‍ണം. 400 മീറ്ററിലും എല്‍ഗ സ്വര്‍ണം നേടിയിരുന്നു. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ ടി. ശ്രീരാഗ് വേഗമേറിയ താരമായി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ സോഫിയ സണ്ണിയും ആണ്‍കുട്ടികളില്‍ സി. അഭിനവും സ്വര്‍ണം നേടി.
സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തില്‍ എറണാകുളം ജില്ല മുന്നേറ്റം തുടരുകയാണ്. മേളയുടെ രണ്ടാംദിനം മൂന്ന് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ അശ്വിന്‍ ശങ്കറും സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ കോതമംഗലം മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പിയുമാണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ നാട്ടിക ഫിഷറീസ് എച്ച്എസ്എസിലെ അതുല്യയും മീറ്റ് റെക്കോര്‍ഡിട്ടു. സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്പുട്ടില്‍ തൃശൂരിന്റെ മറിയ തോമസിനാണ് സ്വര്‍ണം.
കോടതി ഉത്തരവിലൂടെയാണ് മറിയ തോമസ് മല്‍സരിക്കാന്‍ യോഗ്യതനേടിയത്. മേളയുടെ രണ്ടാം ദിനമായ ഇന്ന് 21 ഇനങ്ങളില്‍ സ്വര്‍ണമെഡല്‍ പോരാട്ടം.