സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കമാകും

കണ്ണൂര്‍ : 63ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂര്‍ സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ ശനിയാഴ്ച തുടക്കമാവും.

രാവിലെ 9 മണിക്ക് സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു പതാക ഉയര്‍ത്തും. ഉച്ചതിരിഞ്ഞ് മൂന്നിന് ഒളിമ്പ്യന്‍ ടിന്റുലൂക്ക ദീപം തെളിയിക്കും കുട്ടികളുടെ മാര്‍ച്ച്പാസ്റ്റും ഉണ്ടാകും.

തുടര്‍ന്ന് യോഗ, എയ്റോബിക്സ്, പൂരക്കളി, കളരി അഭ്യാസം എന്നിവ അവതരിപ്പിക്കും. കായികോത്സവത്തിന്റെ ഉദ്ഘാടനം 3.30ന് സ്പോര്‍ട്സ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാവും. തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും.

ഒളിമ്പ്യന്മാരായ പി ടി ഉഷ, എം ഡി വത്സമ്മ, ജസ്ന മാത്യു, രാജ്യാന്തര താരം വി കെ വിസ്മയ എന്നിവരെ ആദരിക്കും. മത്സരത്തിനുള്ള രജിസ്ട്രേഷന്‍ ഇന്നലെ ആരംഭിച്ചു. 19ന് വൈകീട്ട് സമാപന സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

Top