സംസ്ഥാന സ്‌കൂള്‍ കലോത്സവം; മൈക്കല്ലേ, എപ്പോഴാണ് ശബ്ദം കൂടുകയെന്നോ കുറയുകയെന്നോ പറയാനാകില്ലെന്ന് വി ശിവന്‍കുട്ടി

കൊല്ലം: കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍പാട്ട് വേദിയിലെ മൈക്ക് തകരാറായതില്‍ വിശദീകരണവുമായി വി ശിവന്‍കുട്ടി. മൈക്കല്ലേ, എപ്പോഴാണ് ശബ്ദം കൂടുകയെന്നോ കുറയുകയെന്നോ പറയാനാകില്ലെന്നാണ് മന്ത്രിയുടെ പറഞ്ഞു. വലിയ പ്രശ്‌നമല്ലെന്നും സംഘാടക സമിതിയില്‍ അല്ലാത്ത കുറച്ചു പേര്‍ വന്ന് നടത്തിപ്പുകാരായി മാറുന്നതാണ് പ്രശ്‌നമെന്നും ശിവന്‍കുട്ടി പറഞ്ഞു.

വേദിയില്‍ നാടന്‍പാട്ട് അവതരിപ്പിക്കുന്നതിനുള്ള സൗകര്യമില്ലെന്നും സൗണ്ട് സിസ്റ്റത്തില്‍ അപാകതയുണ്ടെന്നും ആരോപിച്ച് ഇന്ന് രാവിലെ നാടന്‍പാട്ട് പരിശീലകരായ കലാകാരന്മാര്‍ കലോത്സവ വേദിയില്‍ പ്രതിഷേധിച്ചിരുന്നു. പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സംഘാടകര്‍ ആരും തന്നെ എത്തിയില്ലെന്നും പൊലീസിനെ കൊണ്ട് പ്രതിഷേധം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും ഇവര്‍ ആരോപിച്ചു. മത്സരത്തിന് നാലാം നിലയില്‍ വേദി അനുവദിച്ചതും നാടന്‍ പാട്ടിനോടുള്ള അവഗണനയെന്ന് ആക്ഷേപമാണ് ഇവര്‍ ഉന്നയിക്കുന്നത്. നാടന്‍പാട്ട് മത്സരത്തിന് സൗകര്യമില്ലാത്ത വേദി അനുവദിച്ചത് അംഗീകരിക്കാനാകില്ലെന്നും പ്രശ്‌നപരിഹാരമുണ്ടാകണമെന്നുമാണ് ഇവരുടെ ആവശ്യം.

അതേസമയം, അപ്പീലുകളുടെ ബാഹുല്യം കലോത്സവ സമയക്രമത്തെ താളം തെറ്റിക്കുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കോടതി തീരുമാനം എടുക്കണം. വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തി. സബ് കോടതി മുതല്‍ ഹൈക്കോടതി വരെ ഉള്ള അപ്പീലുകളുമായാണ് വിദ്യാര്‍ഥികള്‍ മത്സരത്തിന് എത്തുന്നെന്ന് മന്ത്രി പറഞ്ഞു. ജില്ലാ തലങ്ങളില്‍ എട്ടും ഒമ്പതും സ്ഥാനങ്ങളില്‍ എത്തിയവര്‍ പോലും അപ്പീലുമായി എത്തുന്നത് മത്സര സംഘാടനത്തെ ബാധിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാകേണ്ടതുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

Top