സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറും ഡിജിപിയുമായ എന്‍ ശങ്കര്‍ റെഡ്ഡി ഇന്ന് വിരമിക്കും

തിരുവനന്തപുരം: സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറും ഡിജിപിയുമായ എന്‍ ശങ്കര്‍ റെഡ്ഡി ഇന്ന് വിരമിക്കും. പൊലീസിലും വിജിലന്‍സിലും അടക്കം 34 വര്‍ഷത്തെ മികച്ച സേവനത്തിന് ശേഷമാണ് ശങ്കര്‍ റെഡി വിരമിക്കുന്നത്. കല്‍പ്പറ്റ എഎസ്പിയായാണ് ശങ്കര്‍ റെഡ്ഡി സര്‍വീസ് തുടങ്ങുന്നത്. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. നിരവധി ജില്ലകളില്‍ പൊലീസ് മേധാവിയായും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായും ഉത്തരമേഖല എഡിജിപിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

ബിവറേജസ് കോര്‍പ്പറേഷന്റെ എംഡിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ശങ്കര്‍റെഡ്ഡി വിജിലന്‍സ് മേധാവിയായി പ്രവര്‍ത്തിക്കുന്ന സമയത്താണ് ഏറ്റവും കൂടുതല്‍ മിന്നല്‍ പരിശോധനകള്‍ നടക്കുന്നത്. ബാര്‍ കോഴക്കേസില്‍ രണ്ടാംഘട്ടത്തില്‍ തുടര്‍പരിശോധന നടത്തി മാണിക്കെതിരെ തെളിവുകളില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത് ശങ്കര്‍ റെഡ്ഡി വിജിലന്‍സ് മേധാവിയായിരുന്ന കാലഘട്ടത്തിലാണ്. ഇതേ നിഗമനത്തിലാണ് തുടര്‍ന്നുവന്ന അന്വേഷണ സംഘവുമെത്തിയത്. തെലങ്കാന സ്വദേശിയായ ശങ്കര്‍ റെഡ്ഡി നാളെ നാട്ടിലേക്ക് മടങ്ങും.

Top