കേരളത്തിൽ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം ; 4,275 കേസില്‍ തീര്‍പ്പായത് 620

തിരുവനന്തപുരം: കുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനാണ് പോക്സോ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്ത്‌ നടപടി സ്വീകരിക്കുന്നത്.

ഇത്തരത്തിൽ പോക്സോ നിയമപ്രകാരം സ്ഥാപിതമായ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കൂടിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം പോക്സോ നിയമപ്രകാരം കോടതിയുടെ പരിഗണനയിൽ എത്തിയത് 4,275 കേസുകളാണ് എന്നാൽ ഇതിൽ തീർപ്പാക്കി വിധി നടപ്പാക്കിയത് 620 കേസുകൾ മാത്രമാണ്, അതായത് 14.5% മാത്രം.

ജില്ലാ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ പത്തനംതിട്ട ജില്ലയില്‍ 144 കേസുകള്‍ രജിസ്റ്റർ ചെയ്തു. എന്നാൽ ഇതിൽ ഒരു കേസ് പോലും തീർപ്പാക്കിയിട്ടില്ല.

449 കേസുകൾ രജിസ്റ്റർ ചെയ്ത തൃശൂര്‍ ജില്ലയിൽ തീർപ്പാക്കിയത് വെറും 2 കേസുകൾ മാത്രമാണ്.

കണ്ണൂരിലും ഇതേ അവസ്ഥയാണ് നില നിൽക്കുന്നത്. 246 കേസുകള്‍ കോടതിയിൽ എത്തിയപ്പോൾ പരിഹരിക്കപ്പെട്ടതു രണ്ടു കേസുകള്‍ മാത്രം.

ആലപ്പുഴയിൽ 179 കേസുകള്‍ പരാതിയായി എത്തി. 5 എണ്ണമാണ് ആലപ്പുഴയിലും അകെ തീർപ്പാക്കിയത്.

തലസ്ഥാനത്താണ് ഏറ്റവും കൂടുതൽ കേസുകൾ കെട്ടികിടക്കുന്നതും, കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്‌തിരിക്കുന്നതും.

തിരുവനന്തപുരത്ത് 539 കേസുകള്‍ രജിസ്റ്റർ ചെയ്തു, നടപടികൾ സ്വീകരിക്കാതെ കിടക്കുന്ന കേസുകൾ 487 (9.64%)എണ്ണമാണ്.

എന്നാൽ എറണാകുളം ജില്ലയാണ് പോക്സോ നിയമ പ്രകാരം കേസുകൾ തീർപ്പാകുന്നതിൽ മുൻപിൽ നിൽക്കുന്നത്. ജില്ലയിലെ 236 കേസുകളില്‍ 130 എണ്ണം തീര്‍പ്പാക്കി (55.08%).

ഇത്തരത്തിൽ കേസുകൾ കെട്ടിക്കിടക്കുന്നതിനെ കുറിച്ചും, കോടതികളില്‍ ബാലസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വരുന്ന വീഴ്ചകളെക്കുറിച്ചും ബാലാവകാശ കമ്മീഷനുള്ള ആശങ്കകള്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിൽ ബാലാവകാശ കമ്മീഷന് ലഭിച്ച 2,093 കേസുകളില്‍ ഉള്‍പ്പെട്ട 2,491 പ്രതികളില്‍ 1,663 പേര്‍ കുട്ടികള്‍ക്ക് പരിചയമുള്ളവരാണ്. മൊത്തം പ്രതികളുടെ 67% വരുമിത്.

അയല്‍ക്കാര്‍ 646 (26%), കുടുംബാംഗങ്ങള്‍ 197 (8%), ബന്ധുക്കള്‍ 164 (7%), വാന്‍, ഓട്ടോ ഡ്രൈവര്‍മാര്‍ 62 (2%), കമിതാക്കള്‍ 56 (2%), സുഹൃത്തുക്കള്‍ 289 (12%), അധ്യാപകര്‍ 68 (3%), പരിചയക്കാര്‍ 181 (7%) എന്നിങ്ങനെയാണ് കേസുകളില്‍ ഉള്‍പ്പെട്ടവരുടെ കണക്ക്.

ബാലാവകാശ കമ്മീഷന് മുന്നിലെത്തുന്ന പരാതികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 2013-14 വര്‍ഷത്തില്‍ 127 കേസുകളാണു കമ്മീഷന്‍ പരിഗണിച്ചത്.

2014-15 – 863, 2015-16 – 1582, 2016-17 – 2512 കേസുകളും പരിഗണിച്ചു. ഈ വര്‍ഷം ഓഗസ്റ്റുവരെ 1,298 കേസുകളാണു കമ്മീഷനു മുന്നിലെത്തിയത്.

Top