ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപനം

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ. ആക്ടിംഗ് പ്രസിഡന്റ് റെനിൽ വിക്രമസിംഗെയുടെ ഓഫീസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അസാധാരണ വിജ്ഞാപനത്തിലൂടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇടക്കാല പ്രസിഡന്റ് തെരഞ്ഞെടുപ്പ് മറ്റന്നാളാണ് നടക്കാനിരിക്കെയാണ് നടപടി. റെനിൽ വിക്രമസിംഗേക്കെതിരെ കടുത്ത നിലപാടിലാണ് പ്രക്ഷോഭകർ. നാട്ടുകാർ പുറത്താക്കുന്നതിനു മുമ്പ് വിക്രമസിംഗേ സ്വയം ഒഴിഞ്ഞു പോകണമെന്നതാണ് പ്രക്ഷോഭകരുടെ മുദ്രാവാക്യം.

രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ ശ്രീലങ്കയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച സർവകക്ഷിയോഗം ചേരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ശ്രീലങ്കൻ പ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രി നിർമല സീതാരാമനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സർവകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ ധരിപ്പിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അതിനിടെ, പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത വിവിധ പാർട്ടികളുടെ യോഗത്തിൽ തമിഴ്നാട് ആസ്ഥാനമായുള്ള ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) ശ്രീലങ്കയുടെ പ്രതിസന്ധിയിൽ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Top