അതിര്‍ത്തികാക്കാന്‍ അത്യാധുനിക ഉപകരണങ്ങള്‍! തയ്യാറെടുപ്പ് ശക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ചൈനയുമായുള്ള തര്‍ക്കത്തില്‍ യുദ്ധതന്ത്രങ്ങളിലും ആയുധങ്ങളിലും പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങി ഇന്ത്യന്‍ സേനയുടെ തയ്യാറെടുപ്പ് ശക്തമാകുന്നു. ഡ്രോണ്‍, റോബട്ടിക്‌സ്, ലേസറുകള്‍, ചുറ്റിയടിക്കുന്ന സൈനികോപകരണങ്ങള്‍, നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എഐ), ബിഗ് ഡേറ്റ അനാലിസിസ്, അല്‍ഗോരിതം തുടങ്ങിയവയായിരിക്കും ഇന്ത്യന്‍ സേനകളുടെ പടക്കോപ്പുകളില്‍ സ്ഥാനം പിടിക്കുക.

മുതിര്‍ന്ന ലെഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലാണു ഇതിനായുള്ള പഠനം പുരോഗമിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ പ്രകോപനം നേരിടാനുള്ള വഴികളെക്കുറിച്ചുള്ള ആലോചനയിലാണു ആധുനിക സാങ്കേതികവിദ്യകളെ യുദ്ധതന്ത്രത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചതെന്നു സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പരമ്പരാഗത മുറകള്‍ക്കൊപ്പം നൂതന സങ്കേതങ്ങളും ആവശ്യമാണെന്നാണു വിലയിരുത്തല്‍. സാങ്കേതികവിദ്യയാണ് ഭാവിയിലെ യുദ്ധത്തിലെ നിര്‍ണായക ഘടകമെന്ന് തിരിച്ചറിഞ്ഞാണ് ഇന്ത്യയുടെ നീക്കങ്ങള്‍.

വരുംവര്‍ഷങ്ങളിലെ യുദ്ധമുന്നണി ‘നിശ്ചലവും നിരായുധവും’ ആയിരിക്കുമെന്നു തിരിച്ചറിഞ്ഞു സജ്ജരാവുകയാണു ലക്ഷ്യം. അതേസമയം, എഐ ഉള്‍പ്പെടെയുള്ള സങ്കേതങ്ങളും സ്വയം തീരുമാനമെടുക്കുന്ന യുദ്ധോപകരണങ്ങളും യാഥാര്‍ഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണു ചൈനയെന്നാണ് സൂചന.

ഡ്രോണ്‍ ആക്രമണങ്ങള്‍, ബിഗ് ഡേറ്റ അനാലിസിസ്, ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ഹൈപ്പര്‍സോണിക് സന്നിവേധ ദീര്‍ഘദൂര വെടിവയ്പ് സംവിധാനം, ദ്രവീകൃത പടച്ചട്ട, ക്വാണ്ടം കംപ്യൂട്ടിങ്, റോബട്ടിക്‌സ്, ലേസറുകള്‍, നിര്‍മിത ബുദ്ധി, ബയോമെറ്റീരിയല്‍ ചേര്‍ത്ത അദൃശ്യ മേലങ്കി തുടങ്ങിയ നിരവധി കാര്യങ്ങളാണു പഠനവിധേയമാക്കുന്നത്.

Top