മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃയോഗം ഇന്ന്; തിരഞ്ഞെടുപ്പ് മുന്നൊരുക്കവും, സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും

മലപ്പുറം: മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃയോഗം ഇന്ന് നടക്കും. പി അബ്ദുല്‍ ഹമീദ് കേരള ബാങ്ക് ഡയറക്ടര്‍ ആയതിനുശേഷമുള്ള ആദ്യ നേതൃയോഗമാണ് ഇന്ന് നടക്കുന്നത്. യോഗത്തില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കം ചര്‍ച്ചയാകും. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് അബ്ദുസമദ് സമദാനിയും വീണ്ടും മത്സരിച്ചേക്കുമെന്നാണ് വിവരം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുളള പ്രാഥമിക ചര്‍ച്ചയും ഇന്ന് നടക്കും. നേതൃയോഗത്തിന് മുന്നോടിയായി പ്രാദേശിക നേതാക്കളുമായി നേതൃത്വം പ്രാഥമിക കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കും.

ഡല്‍ഹിയില്‍ നടന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിലാണ് കേരളത്തില്‍ മൂന്ന് സീറ്റുകളില്‍ ലീഗ് മത്സരിക്കണമെന്ന് യൂത്ത് ലീഗ് പ്രമേയം പാസാക്കിയത്. ഇന്‍ഡ്യ മുന്നണിയില്‍ മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇന്‍ഡ്യ മുന്നണിക്കൊപ്പം ഹിന്ദി ബെല്‍റ്റിലും പാര്‍ട്ടി മല്‍സരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു. ലോക്സഭയിലേക്ക് അധിക സീറ്റെന്ന ആവശ്യം കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ത്തന്നെ ലീഗ് ഉന്നയിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന് ദേശീയതലത്തില്‍ കൂടുതല്‍ സീറ്റ് കിട്ടേണ്ട സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ലീഗ് വിട്ടുവീഴ്ച ചെയ്യുകയായിരുന്നു.

Top