ഇനി ഓണ്‍ലൈനിലും കിട്ടും ‘കുടുംബശ്രീ കിച്ചന്റെ’ സ്വാദിഷ്ടമായ ഭക്ഷണം

കൊച്ചി: കുടുംബശ്രീ ഒരുക്കിയ വാട്ടിയ തൂശനിലയില്‍ പൊതിഞ്ഞ ചോറും കൈപ്പുണ്യം നിറഞ്ഞ കപ്പയും മീന്‍കറിയുമൊക്കെ ഇനി ഓണ്‍ലൈന്‍ വഴി കൊച്ചിക്കാര്‍ക്കും. കുടുംബശ്രീ കിച്ചന്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗിയും സൊമാറ്റോയുമായി സഹകരിച്ചാണ് വിഭവങ്ങളുടെ വില്‍പ്പന നടത്തുന്നതെ്.

കുടുംബശ്രീ മിഷന്‍ സംസ്ഥാനത്ത് ആദ്യമായാണ് ഓണ്‍ലൈന്‍ ഭക്ഷ്യ ശൃംഖലയൊരുക്കുന്നത്. കുടുംബശ്രീ കഫേ യൂണിറ്റുകള്‍ക്ക് പുതുജീവന്‍ പകരാനാണ് ഭക്ഷ്യവിഭവങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തുന്നത്. കുടുംബശ്രീ മിഷനും അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് കിച്ചണ്‍ പ്രവര്‍ത്തിക്കുക. കാറ്ററിങ് രംഗത്തെ കുടുംബശ്രീ മൈക്രോ സംരംഭകര്‍ക്ക് സ്ഥിരം തൊഴിലും കൂടുതല്‍ വരുമാനവും ലഭിക്കുന്നതിനാണ് ഈ പദ്ധതി.

കുടുംബശ്രീ പ്രവര്‍ത്തകര്‍ തയാറാക്കുന്ന ഭക്ഷണം ഇരുമ്പനം, വൈറ്റില, കലൂര്‍, കളമശേരി എന്നിവിടങ്ങളിലെ അടുക്കളയിലെത്തിച്ച് പായ്ക്ക് ചെയ്യും. ഇവിടെനിന്ന് സ്വിഗ്ഗി, സൊമാറ്റോ ഏജന്‍സികള്‍ ഓണ്‍ലൈന്‍വഴി വിതരണം നടത്തും. ഓരോ കേന്ദ്രത്തിന്റെയും ആറു കിലോമീറ്റര്‍ ചുറ്റളവിലാണ് ഭക്ഷണമെത്തിക്കുന്നത്. രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ കുടുംബശ്രീ അടുക്കളയില്‍നിന്ന് ഭക്ഷണം ലഭിക്കും. ഐടി ജീവനക്കാരുടെ സൗകര്യം കണക്കിലെടുത്ത് കാക്കനാട് ഭാഗത്തു മാത്രം രാത്രി 10.30 വരെ ഭക്ഷണമെത്തിക്കും.

പ്രഭാതഭക്ഷണം രാവിലെ ഏഴുമുതല്‍ 11.30 വരെയും ഉച്ചഭക്ഷണം 11.30 മുതല്‍ വൈകിട്ട് നാലുവരെയും അത്താഴം ഒമ്പതുവരെയും ലഭിക്കും. ആദ്യഘട്ടത്തില്‍ 20 മൈക്രോ സംരംഭങ്ങള്‍ക്കും 112 കുടുംബശ്രീ അംഗങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. 12 ശതമാനംവരെ വിലക്കുറവിലാണ് വിഭവങ്ങള്‍ നല്‍കുന്നത്.

Top