തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ksu strike

തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്താണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണത്തിന്റെ തണലില്‍ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് സിപിഎം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും അക്രമികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യുഡിഎഫ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഎം അറിയിച്ചു.

ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.

Top