സംസ്ഥാനത്ത് ഇന്നും കനത്ത മഴ; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം; അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയത്. ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും.

നാളെ മൂന്നു ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച വരെ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Top