പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍; എടാ, എടീ എന്നുള്ള വിളി വേണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മോധാവിയെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി. മോഹനദാസ്. പൊതുജനങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍ എന്നോ, മിസ്റ്റര്‍ , മാഡം , മിസിസ് എന്നോ നിര്‍ബന്ധമായി കൂട്ടിച്ചേര്‍ക്കണമെന്ന് വ്യക്തമായി മുന്‍പ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് അധ്യക്ഷന്റെ വിമര്‍ശനം.

കമ്മീഷന്‍ മൂന്ന് വര്‍ഷം മുന്‍പ് പുറത്തിറക്കിയ ഈ ഉത്തരവ് നടപ്പിലാക്കാന്‍ പൊലീസ് മേധാവി ബാധ്യസ്ഥനാണ്. എന്നാല്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്ന കാര്യം നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഈ ഉത്തരവ് റദ്ദുചെയ്യാനുള്ള അനുമതി തേടി ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യാം അതല്ലാതെ കമ്മീഷന്‍ ഇറക്കിയ ഉത്തരവ് നടപ്പാകാതെയിരിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പണ്ടുമുതല്‍ക്കെ പൊലീസ് എന്ന് കേട്ടാല്‍ ജനങ്ങളുടെ മുട്ട് വിറക്കും. ജനങ്ങളും പൊലീസും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കാനാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ പൊലീസ് ഇത് നടപ്പാക്കാത്തത് വലിയ തെറ്റാണ്. കേരള പൊലീസ് ആക്റ്റ് 2011 ലെ അഞ്ചാം അധ്യായത്തില്‍ പൊലീസിന്റെ കടമകളെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. സാധാരണ ജനങ്ങളോട് ദേഷ്യപ്പെടാനോ, എടാ, എടീ എന്നൊക്കെ വിളിക്കാനോ പാടുള്ളതല്ല. പൊലീസ് ആക്ടിന്റെ 29 ആം വകുപ്പ്, പൊലീസ് സേന മുഴുവനായി വായിച്ച് മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം ജനമൈത്രി പൊലീസ് എന്ന ലക്ഷ്യം നേടാനാവില്ലെന്നും ജനങ്ങള്‍ പൊലീസിനെ ശത്രുവായി കാണുന്ന സാഹചര്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മീഷന്‍ അധ്യക്ഷന്‍ പൊലീസ് മോധാവിയെ ലക്ഷ്യമിട്ടുള്ള പരാമര്‍ശങ്ങളാണ് നടത്തുന്നത്.

അതേസമയം കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നിര്‍ദേശങ്ങള്‍ ഔദ്യോഗികമായി പൊലീസ് സേനയ്ക്ക് പൊലീസ് മേധാവി നല്‍കിയിട്ടുണ്ടോ, അത് പൊതുജനങ്ങളെ അറിയിക്കുന്ന രീതിയില്‍ പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് പരാതിക്കാരന്‍ സമര്‍പ്പിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ വിമര്‍ശം.

2017 ല്‍ പൊതുതാത്പര്യാര്‍ത്ഥം കോഴിക്കോട് ആം ഓഫ് ജോയ് മാനേജിങ്ങ് ട്രസ്റ്റി അനൂപ് ഗംഗാധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ വ്യക്തമായ നിര്‍ദേശങ്ങളോടെ ഉത്തരവിറക്കിയത്.

Top