കവളപ്പാറയിൽ കാണാതായവരെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം : കവളപ്പാറയിലുണ്ടായ പ്രളയ ദുരന്തത്തില്‍ ഇനിയും കണ്ടെത്താനുള്ളവരെ എത്രയും വേഗം കണ്ടെത്തുന്നതിന് തെരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് എത്രയും വേഗം ധനസഹായം ലഭ്യമാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ ഡോ.കെ.മോഹന്‍ കുമാറും പി. മോഹനദാസും ആവശ്യപ്പെട്ടു.

ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. കവളപ്പാറ, പാതാര്‍, ദുരിതബാധിതര്‍ താമസിക്കുന്ന പൂതാനം സെന്റ് ജോര്‍ജ് പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് പോത്തുകല്‍ പഞ്ചായത്തിലെത്തിയ കമ്മീഷന്‍ ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തി.

കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിനുള്ള ധനസഹായം ഇതുവരെ കിട്ടിയില്ലെന്ന പരാതി സര്‍ക്കാര്‍ പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കവളപ്പാറയില്‍ ദുരന്തമുണ്ടായ സ്ഥലത്തിന്റെ അപകട സാധ്യതയെ കുറിച്ച് ജിയോളജിക്കല്‍ സര്‍വേ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Top