റാങ്കുകളുടെ തോഴനായ ഐ.എ.എസിനെ വീട്ടിലിരുത്താന്‍ പിണറായി സര്‍ക്കാര്‍ !

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു ഐ.എ.എസ് ഓഫീസറെ പിരിച്ച് വിടാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചു. റാങ്കുകളുടെ തോഴനായ രാജു നാരായണ സ്വാമിയെ പിരിച്ചു വിടാനാണ് സര്‍ക്കാര്‍ നീക്കം നടത്തിയിരിക്കുന്നത്.

നടപടിയുടെ ഭാഗമായി അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്.

സര്‍വീസ് കാലാവധി 10 വര്‍ഷം കൂടി ശേഷിക്കെയാണ് രാജുനാരായണ സ്വമിക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. കേരളത്തിന്റെ ശുപാര്‍ശ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി.

കേന്ദ്ര സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതിയാണ് ഇദ്ദേഹത്തെ പിരിച്ചുവിടണമെന്ന തീരുമാനമെടുത്തത്. കേന്ദ്ര- സംസ്ഥാന സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചു, സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും ഓഫീസുകളില്‍ പലപ്പോഴും ഹാജരായിരുന്നില്ല, കേന്ദ്ര സര്‍വീസില്‍ നിന്ന് തിരികെ എത്തിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം എവിടെയാണെന്നതിന് സര്‍ക്കാര്‍ രേഖകളിലില്ല തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കെതിരെയുള്ളത്.

എസ്എസ്എല്‍സി, പ്രീഡിഗ്രി, ഗേറ്റ്, ഐഐടി, സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തിയാണ് രാജുനാരായണ സ്വാമി. സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ കളക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാനായി മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ നിയോഗിച്ച ദൗത്യസംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം. കെ സുരേഷ് കുമാര്‍ ഐഎഎസ്, ഋഷിരാജ് സിങ് ഐപിഎസ് എന്നവരായിരുന്നു മറ്റു സംഘാംഗങ്ങള്‍. മുന്‍ മന്ത്രിയായിരുന്ന ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രാജു നാരായണ സ്വാമിയായിരുന്നു.

അഴിമതിക്കാരുടെ എക്കാലത്തെയും പേടി സ്വപ്നമാണ് രാജു നാരായണ സ്വാമി എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍. സംഭവ ബഹുലമാണ് ഇദ്ദേഹത്തിന്റെ ജീവിതം. എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാം റാങ്ക് നേടി ചരിത്രം സൃഷ്ടിച്ച രാജ്യത്തെ ഏക ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജു നാരായണ സ്വാമി. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മുതല്‍ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്ന പ്രതിഭയായിരുന്നു ഇദ്ദേഹം. എസ്എസ്എല്‍സി പരീക്ഷയ്ക്കും പ്രീഡിഗ്രിയ്ക്കും ഒന്നാം റാങ്കോടെ പാസ്സായാണ് സ്വാമി റാങ്ക് വിപ്ലവത്തിന് തുടക്കം കുറിച്ചത്.

ജോലിയോടൊപ്പം അദ്ദേഹം വീണ്ടും പഠനം തുടര്‍ന്നു. ഐ.ഐ.ടി. സംയുക്ത പ്രവേശന പരീക്ഷയില്‍ പത്താം റാങ്ക് നേടിയ ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍, ഐ.ഐ.ടി മദ്രാസില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെയാണ് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയതും. 1989ല്‍ ഐ.എ.എസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് ദേശീയ തലത്തില്‍ രാജു നാരായണ സ്വാമി എന്ന പേര് ശ്രദ്ധിക്കപ്പെട്ടത്.

അമേരിക്കയിലെ വിഖ്യാതമായ മസ്സാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഉപരിപഠനത്തിനായുള്ള സ്‌കോളര്‍ഷിപ്പ് ലഭിച്ചുവെങ്കിലും അത് നിരസിച്ച് ഐ.എ.എസ് പഠനത്തിനായി പോവുകയായിരുന്നു. 2013ല്‍ സി.ഐ.ആര്‍.ടി. നടത്തിയ കോംപറ്റീഷന്‍ ആക്ട് പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്കും ഒന്നാംറാങ്കും ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഇദ്ദേഹം നേടി. വിദേശികളടക്കം പങ്കെടുത്ത പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്കും നേടിയ ഏക വ്യക്തിയാണ് രാജു നാരായണസ്വാമി.

10 ഓണ്‍ലൈന്‍ കോഴ്സുകള്‍ വിജയിക്കുന്ന ആദ്യത്തെ ഓള്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഓഫീസറാണ് ഇദ്ദേഹം. 23 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച രാജു നാരായണ സ്വാമിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. രാജു നാരായണ സ്വാമി എന്ന വ്യക്തി തന്നെ ഒരു സര്‍വ്വകലാശാലയാണ്. യുവാക്കള്‍ക്ക് എല്ലാ കാലത്തും പ്രചോദനമാകുന്ന വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്.

അവിടെയും കൃത്യ നിര്‍വ്വഹണത്തിന്റെ കാര്യത്തില്‍ ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒരിക്കലും വിട്ടുവീഴ്ചകള്‍ ചെയ്തിട്ടില്ല. വി.എസ് അച്യുതാനന്ദന്റെ കാലത്ത് മൂന്നാര്‍ ദൗത്യസംഘത്തിലെ അംഗമായതോടുകൂടി സ്വാമി രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി. ഇടുക്കി ജില്ലാ കലക്ടറായി ചുമതലയേറ്റ അദ്ദേഹത്തെ പിന്നീട് സംഘത്തില്‍ നിന്നും മാറ്റുകയായിരുന്നു

raju-narayana-swami

2007 ലെ മൂന്നാര്‍ ദൗത്യം അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണിനെതിരെ രാജു നാരായണ സ്വാമി ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷനില്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.

മൂന്നാറിലെ ചില അനധികൃത റിസോര്‍ട്ടുകളെ സംരക്ഷിക്കാന്‍ ഭരത് ഭൂഷണ്‍ ആവശ്യപ്പെട്ടെന്നും തന്റെ ബിനാമി താത്പര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. അദ്ദേഹത്തിന്റെ സ്വാധീനത്തിന് വഴങ്ങാത്ത തന്നെ പീഡിപ്പിക്കുന്നതായും സ്വാമി ആരോപിച്ചിരുന്നു.

അഴിമതിക്കെതിരേ കര്‍ക്കശനിലപാട് കൈക്കൊള്ളുന്നതിനാല്‍ രാജു നാരായണസ്വാമി നിരവധി തവണ വകുപ്പുതല നടപടികള്‍ക്കു വിധേയനായിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ വിവിധ വകുപ്പുകളിലായി 20 സ്ഥലംമാറ്റങ്ങളാണ് അദ്ദേഹത്തിനുണ്ടായത്.

തിരഞ്ഞെടുപ്പ് നിരീക്ഷകനാക്കരുതെന്ന് ഭരത് ഭൂഷണ്‍ ഇലക്ഷന്‍ കമ്മീഷനു കത്തെഴുതിയെന്നും, ജോലിയില്‍ നിന്നു വിട്ട് നിന്നതായി ആരോപിച്ച് എ.ജിക്ക് കത്തയച്ചതായും തന്റെ വാര്‍ഷിക പെര്‍ഫോമന്‍സ് ഗ്രേഡ് ചീഫ് സെക്രട്ടറി തിരുത്തിയതായും സ്വാമി വെളിപ്പെടുത്തിയിരുന്നു.

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശാനുസരണം 16 സംസ്ഥാനങ്ങളിലെ 26 തെരഞ്ഞെടുപ്പുകളില്‍ രാജു നാരായണസ്വാമി വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിത മത്സരിച്ച ചെന്നൈ രാധാകൃഷ്ണനഗറിലും തെരഞ്ഞെടുപ്പു കമ്മിഷന്‍ നീരീക്ഷകനായി നിയോഗിച്ചത് സ്വാമിയെയായിരുന്നു. സമര്‍ഥനായ അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറാക്കുമെന്നു കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.

കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന ആരോപണവുമായി വകുപ്പ് സെക്രട്ടറിയായിരുന്ന സ്വാമി രംഗത്തെത്തിയിരുന്നു. ഇത് തെളിയിക്കുന്ന രേഖഖള്‍ തന്റെ പക്കലുണ്ടെന്നും അത് പുറത്തുവിടാന്‍ താന്‍ തയ്യാറാണെന്നും രഅദ്ദേഹം പറഞ്ഞു. നേരത്തെ രാജുനാരായണ സ്വാമി തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഡയറക്ടര്‍ ബിജുപ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ എതിര്‍ ആരോപണങ്ങളുമായി സ്വാമി രംഗത്തെത്തിയത്. ഇതോടെ കൃഷി വകുപ്പിലെ ഉദ്ദ്യോഗസ്ഥരുടെ ശീതയുദ്ധം സര്‍ക്കാരിന് തലവേദനയായി.

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജു നാരായണസ്വാമിയേയും കൃഷി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനേയും മാറ്റി മന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു.

2017 മേയിലാണ് രാജു നാരായണ സ്വാമി നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായി നിയമിതനായിരുന്നത്. നിയമനം ലഭിച്ച് ആറുമാസത്തിനുള്ളില്‍ തന്നെ ബോര്‍ഡിലെ ഉന്നതര്‍ ഉള്‍പ്പെട്ട അഴിമതി ഇടപാടുകള്‍ തുറന്നു കാട്ടിയതിന്റെ പേരില്‍ തന്നെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ ചിലര്‍ ആസൂത്രണം നടത്തിയെന്ന ആരോപണവുമായി അദ്ദേഹം രംഗത്തു വന്നിരുന്നു.

ബോര്‍ഡിലെ അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിനെ തുടര്‍ന്നാണ് തന്നെ പുറത്താക്കാന്‍ നീക്കം നടക്കുന്നതെന്നും അദ്ദേഹം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കൃഷി വകുപ്പിലെ ജോയിന്റ് സെക്രട്ടറി ദിനേശ് കുമാര്‍, ഹോര്‍ട്ടികള്‍ച്ചര്‍ കമ്മീഷണര്‍ ബിഎന്‍എസ് മൂര്‍ത്തി, നാളികേര വികസനബോര്‍ഡ് മുന്‍ റീജണല്‍ ഡയറക്ടര്‍ ഹേമചന്ദ്ര എന്നിവര്‍ക്കെതിരെയായിരുന്നു പരാതി.

ഔദ്യോഗിക ജീവിതത്തിലെ കാര്‍ക്കശ്യം അദ്ദേഹത്തിന് കൈമോശം വന്നിട്ടില്ല എന്നാണ് ഈ സംഭവവികാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അഴിമതിക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചതിന്റെ പേരില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായ സ്വാമിക്ക് സഹപ്രവര്‍ത്തകനില്‍ നിന്ന് വരെ വധഭീഷണി നേരിടേണ്ടി വന്നിരുന്നു.

ബംഗളൂരു റീജ്യണല്‍ ഓഫീസ് ഡയറക്ടറായിരുന്ന ഹേമചന്ദ്ര വധഭീഷണി മുഴക്കിയതായി അദ്ദേഹം കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തില്‍ രേഖാമൂലം പരാതിപ്പെട്ടിരുന്നു. തനിയ്ക്കെതിരേ നടപടിയുണ്ടായാല്‍ ഗുണ്ടകളെ ഉപയോഗിച്ച് ചെയര്‍മാനെ കൊല്ലുമെന്ന് ഹേമചന്ദ്ര ഫോണില്‍ വിളിച്ചു പറഞ്ഞതായി അന്വേഷണത്തിന് നേതൃത്വം കൊടുത്ത ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ ജയപാണ്ടിയാണ് രാജു നാരായണ സ്വാമിയെ അറിയിച്ചിരുന്നതത്രെ.

സ്വാമി നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായ ശേഷം നടത്തിയ അന്വേഷണത്തില്‍ അഴിമതിക്കാരനെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് ഹേമചന്ദ്ര. തുടര്‍ന്ന് ഇയാള്‍ സസ്പെന്‍ഷനിലായിരുന്നു. ഹേമചന്ദ്രയ്ക്കും ഹോള്‍ട്ടി കള്‍ച്ചര്‍ കമ്മിഷണര്‍ ബിഎന്‍എസ് മൂര്‍ത്തിയ്ക്കുമെതിരെ നിരവധി ക്രമക്കേടുകളാണ് പുറത്തു വന്നിരുന്നത്.

കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയതിലും കേന്ദ്രഫണ്ട് വിനിയോഗിച്ചതിലും 15 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് സ്വാമി നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ഹേമചന്ദ്ര തന്നെ വിളിച്ച് ചെയര്‍മാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇതുസംബന്ധിച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ജയപാണ്ടി നല്‍കിയ കത്തില്‍ പറയുന്നു. ബോര്‍ഡില്‍നിന്ന് ലഭിക്കുന്ന വരുമാനം വേണ്ട തനിയ്ക്ക് ജീവിക്കാനെന്ന് ഇയാള്‍ പറഞ്ഞതായും മോശം വാക്കുകള്‍ ഉപയോഗിച്ച് ചെയര്‍മാനെ അധിക്ഷേപിച്ചതായും ജയപാണ്ടിയുടെ കത്തിലുണ്ട്. ഈ കത്ത് ഉള്‍പ്പെടെയാണ് രാജു നാരായണ സ്വാമി പരാതി നല്‍കിയിരിക്കുന്നത്.

സംഭവബഹുലമായ നാളകേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും തിരികെയെത്തിയ സാമിക്കാണിപ്പോള്‍ ഈ ദുര്‍വിധി ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ ഈ ഉദ്യോഗസ്ഥന് ഇനി വീട്ടിലിരിക്കേണ്ടി വരും.

അതേസമയം നാളികേര വികസന ബോര്‍ഡിലെ കോടികളുടെ അഴിമതി പുറത്തു കൊണ്ടുവന്നതിന് തനിക്കെതിരെയുള്ള പ്രതികാര നടപടിയാണ് പിരിച്ചുവിടാനുള്ള ശുപാര്‍ശയെന്ന് രാജു നാരായണ സ്വാമി ഐ.എ.എസ് പ്രതികരിച്ചു. തന്നെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു എന്ന കാര്യം പത്രങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി കണ്ടുപടിച്ചതിനുള്ള പ്രതിഫലമാണ് തനിക്ക് ലഭിച്ചതെന്നും രാജു നാരായണ സ്വാമി പറഞ്ഞു. തനിക്ക് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. പിരിച്ചുവിടാനുള്ള നീക്കവുമായി മുന്നോട്ടു പോകുകയാണെങ്കില്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Staff Reporter

Top