കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കണമെന്ന് മോദി

ജലന്തര്‍ : കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സംസ്ഥാന സര്‍വകലാശാലകളും ശാസ്ത്ര ഗവേഷണ രംഗത്തെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇതിനായി കര്‍മ പദ്ധതി ആവിഷ്‌കരിക്കാന്‍ ശാസ്ത്ര സാങ്കേതിക ഇന്നവേഷന്‍ കൗണ്‍സിലിന് ട്വിറ്ററിലൂടെ ഉടന്‍ നിര്‍ദേശം നല്‍കി. 106ാമത് ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ് പഞ്ചാബിലെ ജലന്തര്‍ ലവ്ലി പ്രഫഷനല്‍ സര്‍വകലാശാലാ ക്യാംപസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐഐടി, ഐസർ, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലവാരത്തിലേക്ക് സംസ്ഥാന തലങ്ങളിലുള്ള സർവകലാശാലകൾ നാളിതുവരെയായിട്ടും ഉയർന്നു വന്നിട്ടില്ല. ഇത് പോരായ്മയാണ്. മികച്ച നിലവാരം പുലർത്തുന്ന കോളജുകൾക്ക് കൂടുതലായി സ്വതന്ത്രപദവി നൽകി കേന്ദ്ര സഹായം നൽകാൻ ആലോചിക്കുന്നു.

ചെറുപ്രായത്തിൽ തന്നെ താൽപ്പര്യമുള്ള 1000 യുവജനങ്ങൾക്ക് ഐഐടി പ്രവേശനം നൽകി അവർക്ക് പ്രതിമാസം 80,000 രൂപ വരെ സ്കോളർഷിപ്പ് നൽകി പിഎച്ച്ഡി നേടാൻ സഹായിക്കുന്ന പ്രധാനമന്ത്രി റിസർച് ഫെലോഷിപ് (പിഎംആർഎഫ്) ആരംഭിച്ചു.

ഉന്നത വിദ്യാഭ്യാസത്തിലൂടെ ശാസ്ത്രരംഗത്തെയും അതുവഴി രാജ്യത്തിന്റെ പുരോഗതിയും മെച്ചപ്പെടുത്തുക എന്നതാണ് ആ ലക്ഷ്യം. 3600 കോടി രൂപയാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ ആധുനികമാക്കാൻ മാറ്റിവച്ചിരിക്കുന്നത്. ഇതിന് സ്വകാര്യ– വ്യവസായ മേഖലയുടെ സഹായം രാജ്യത്തിനു ലഭിക്കണം.

Top