പിണറായി സര്‍ക്കാര്‍ മുന്നോട്ട്; 1994ല്‍ അടച്ചുപൂട്ടിയ സ്റ്റീല്‍ ഫാക്ടറി 20ന് തുറക്കും

ആറ്റിങ്ങല്‍: രണ്ടര പതിറ്റാണ്ടിലേറെയായി പൂട്ടിക്കിടക്കുന്ന ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറി വീണ്ടും പ്രവര്‍ത്തനം തുടങ്ങുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. ഈ മാസം 20ന് മന്ത്രി പ്ലാന്റ് ഉദ്ഘാടനം ചെയ്യും.

1963ലാണ് സ്റ്റീല്‍ ഫാക്ടറി ആരംഭിച്ചത്. 1994 കനത്ത നഷ്ടം നേരിട്ട സാഹചര്യത്തില്‍ പ്ലാന്റ് അടച്ചുപ്പൂട്ടുകയായിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൂടി സഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്ലാന്റ് തുറക്കുന്നത്. ഇതിനെ സംസ്ഥാനത്തെ പ്രധാന പരിശീലന കേന്ദ്രമാക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു. പുതിയ സംരംഭകരെ സഹായിക്കുകയാണ് വീണ്ടും പ്ലാന്റ് തുറക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

സംരംഭകര്‍ക്ക് ഇവിടെ പ്രത്യേക പരിശീലനം നല്‍കും. സ്റ്റീലിന് പുറമെ റബര്‍, സോളാര്‍, ഇലക്ട്രോണിക്‌സ് മേഖലയില്‍ ഉള്ളവര്‍ക്കും പരിശീലനം നല്‍കും. ഇതിനു പുറമെ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും പരിശീലനം നല്‍കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി 25 പേരടങ്ങിയ ആദ്യ ബാച്ചിന്റെ പരിശീലനം ആറാം തീയതി മുതല്‍ ആരംഭിച്ചിട്ടുണ്ട്.

Top