ഡിലിറ്റ് വിവാദത്തെ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: രാഷ്ട്രപതിയുടെ ഡിലിറ്റ് വിവാദത്തെ രാഷ്ട്രീയമായി തന്നെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധിക്കും. വിവാദത്തില്‍ വിസിയുടെ ഗവര്‍ണര്‍ക്കുള്ള കത്ത് പുറത്തായതോടെയാണിത്. വിഷയത്തില്‍ രാജ്ഭവന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് സിപിഎം രംഗത്തെത്തി. ഗവര്‍ണറുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പുറത്തായെന്നാണ് സിപിഎം നിലപാട്.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതിനെ സിപിഎം എതിര്‍ത്തിരുന്നു. രാഷ്ട്രീയ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കേണ്ടതില്ലെന്നായിരുന്നു സിപിഎം നേതൃത്വം സിന്‍ഡിക്കേറ്റിലെ പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് വിസി ഗവര്‍ണറെ നേരില്‍ക്കണ്ട് കത്ത് നല്‍കിയത്.

ഡിലിറ്റ് വിവാദത്തില്‍ വിസി ഡോ മഹാദവന്‍ പിള്ള ചാന്‍സലര്‍ക്ക് നല്‍കിയ കത്ത് പുറത്താകും വരെയും, പോര് ഗവര്‍ണറും പ്രതിപക്ഷ നേതാവും തമ്മിലായിരുന്നു. വെറും കാഴ്ചക്കാരുടെ റോളിലായിരുന്നു സര്‍ക്കാര്‍. പ്രതികരണം നല്‍കാതെ സര്‍ക്കാര്‍ മാറിനിന്നപ്പോഴും ഡിലിറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്ന് ഗവര്‍ണര്‍ തന്നെ വ്യക്തമാക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പ്രതികരിച്ചത്.

Top