കൊവിഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ കൊള്ള നടത്തുന്നു; ആരോപിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളുടെ അടുത്ത് നിന്ന് കൊള്ളനടത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പ്രവാസികളോട് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നത് നീചമായ നിലപാടാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

കൊവിഡ് പ്രതിരോധം പരാജയപ്പെട്ടതിലും കൊവിഡിനെ മറയാക്കിയുള്ള അഴിമതിക്കെതിരെയും ബിജെപി സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടി സെക്രട്ടേറിയറ്റ് പടിക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. കൊവിഡ് പരിശോധനകള്‍ കൂടാതെ മുഴുവന്‍ പ്രവാസികളെയും കൊണ്ടുവരണമെന്ന് നിയമസഭ പ്രമേയവും പാസാക്കി. കേന്ദ്രത്തിന്റെ വന്ദേഭാരത് മിഷനിലൂടെ പതിനായിരക്കണക്കിന് പ്രവാസികള്‍ ഇന്ത്യയിലേക്ക് വന്നുതുടങ്ങിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റി.

പ്രവാസി വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് ഇപ്പോള്‍ പറയുന്നത്. മാത്രമല്ല ചാര്‍ട്ടര്‍ വിമാനങ്ങളില്‍ വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് ടെസ്റ്റ് റിസള്‍ട്ടുമായി വേണം മടങ്ങിവരാനെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിദേശത്ത് നാലോ അഞ്ചോ ദിവസം കഴിഞ്ഞാല്‍ മാത്രമെ ടെസ്റ്റ് നടത്തി റിസള്‍ട്ടു കിട്ടുകയുള്ളു. ലക്ഷണങ്ങള്‍ ഇല്ലാത്തവരെ അവിടെ കൊവിഡ് ടെസ്റ്റ് നടത്തുകയുമില്ല. പിന്നെങ്ങനെയാണ് പരിശോധനാ ഫലവുമായി പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ കഴിയുകയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

Top