State government introducing schemes to save public sector

തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളെ ലാഭത്തിലാക്കാനുള്ള പദ്ധതി സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്.

കടക്കെണിയിലായ സ്ഥാപനങ്ങളുടെ വായ്പ പുനഃക്രമീകരിക്കുന്നതുള്‍പ്പടെയുള്ള നടപടികളെടുക്കുമെന്നും ഓരോ പൊതുമേഖലാസ്ഥാപനത്തിന്റെയും പ്രശ്‌നങ്ങള്‍ വ്യത്യസ്തമായി കണ്ടുള്ള സമീപനം സ്വീകരിക്കാനാണ് തീരുമാനമെന്നും ധനമന്ത്രി പറഞ്ഞു.

കേരള ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉല്‍പാദനം കൂട്ടുന്നതിനുള്ള മൂലധനം സമാഹരിക്കുന്നതിന് സഹായം നല്‍കുകയും സര്‍ക്കാര്‍ നല്‍കിയ വായ്പ ഓഹരിയാക്കി മാറ്റി സ്ഥാപനത്തിന്റെ പലിശഭാരം ഇല്ലാതാക്കുകയും ചെയ്യും.

പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ മൂന്നിലൊന്നുപോലും മീറ്റര്‍ ചെയ്യപ്പെടുന്നില്ലെന്നതാണ് ജല അതോറിറ്റിയുടെ പ്രശ്‌നം. പഴയ പൈപ്പുകള്‍ മാറ്റുന്നതിനും പുതിയ പമ്പുകള്‍ സ്ഥാപിക്കുന്നതിനും കിഫ്ബി വഴി 4000 കോടിരൂപവരെ വായ്പനല്‍കും. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സി.എന്‍.ജി ആക്കുന്നതിനുപുറമെ ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി മാനേജ്‌മെന്റ് ആകെ ഉടച്ചുവാര്‍ക്കണം.

ഇത്തരത്തില്‍ ഓരോ സ്ഥാപനത്തിനും വ്യത്യസ്തമായ പരിഹാരമാര്‍ഗങ്ങളാണ് പരിഗണിക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങളിലെ സര്‍ക്കാരിന്റെ ബാധ്യതകള്‍ ഓഹരിയാക്കിമാറ്റുകയാണ് കടബാധ്യത പുനഃക്രമീകരിക്കാന്‍ ഒരു മാര്‍ഗം.

ബാങ്ക് വായ്പമൂലമുള്ള കടമാണെങ്കില്‍ അത് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും ആലോചനയിലുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് വ്യവസായവകുപ്പ് നല്‍കുന്ന പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

Top