ബിജെപി ഓഫീസ് ആക്രമണ കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കി

തിരുവനന്തപുരം: ബിജെപി ഓഫീസ് ആക്രമണ കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. സിപിഐഎം കൗണ്‍സിലര്‍ ആയിരുന്ന ഐപി ബിനു, എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി പ്രിജില്‍ സാജ് കൃഷ്ണ, ജെറിന്‍, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികള്‍.

2017 ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിപിഐഎം മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടാക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ബിജെപി ഓഫീസിനെതിരെ ആക്രമണമുണ്ടായത്. ബിനീഷിന്റെ വീടാക്രമിച്ചതിന് പ്രത്യാക്രമായിരുന്നു ഓഫീസ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം സര്‍ക്കാര്‍ അപേക്ഷയ്ക്ക് തടസ ഹര്‍ജിയുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട്. തടസ്സ ഹര്‍ജി നല്‍കി. കേസ് അടുത്ത വര്‍ഷം ജനുവരി ഒന്നിന് പരിഗണിക്കും. ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ കാര്‍ ഉള്‍പ്പെടെ ഓഫീസിലുണ്ടായിരുന്ന ആറ് കാറുകള്‍ തകര്‍ക്കുക, ഓഫീസ് ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു, സുരക്ഷാ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചു തുടങ്ങിയതാണ് പ്രതികള്‍ക്ക് നേരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍.

Top