നവതിയിലെത്തിയ ചലച്ചിത്രതാരം മധുവിന് പിറന്നാൾ സമ്മാനം കൈമാറി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : നവതിയിലെത്തിയ ചലച്ചിത്രതാരം മധുവിന് പിറന്നാൾ സമ്മാനമായി സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ കൈമാറി. സംസ്ഥാന സർക്കാരിനും കേരളത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടി അദ്ദേഹത്തെ ആദരിക്കാനും അനുമോദിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു മധുവിന്റെ വസതിയിലെത്തിയ മന്ത്രി സജി ചെറിയാൻ പറഞ്ഞു.

മധുവിനെ പൊന്നാടയണിയിച്ച് അനുമോദിച്ച മന്ത്രി, ലൂമിയർ ബ്രദേഴ്‌സ് രൂപകൽപന ചെയ്ത ആദ്യകാല മൂവി ക്യാമറയുടെ മാതൃകയും മഹാനടനു സമ്മാനിച്ചു. സർക്കാരും ജനങ്ങളും നൽകുന്ന സ്നേഹവും ആദരവും തന്റെ മനസ്സു നിറച്ചുവെന്നു മധു പ്രതികരിച്ചു.

നാനൂറിലേറെ സിനിമകളിൽ അഭിനയിക്കുകയും എഴുത്തുകാരൻ, സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങിയ നിലകളിലും പ്രതിഭ തെളിയിക്കുകയും ചെയ്ത മധുവിന്റെ നവതിയുമായി ബന്ധപ്പെട്ട് സാംസ്കാരിക വകുപ്പ് പ്രത്യേക പരിപാടി നടത്തുമെന്നു മന്ത്രി അറിയിച്ചു. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി.എൻ.കരുൺ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് തുടങ്ങിയവരും പങ്കെടുത്തു.

Top