കോളടിച്ചു; പുതു വര്‍ഷത്തില്‍ സര്‍ക്കാര്‍ വക സമ്മാനം, മനം നിറഞ്ഞ് കേരളം

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കെട്ടിക്കിടക്കുന്ന പരാതികള്‍ ആകെ തീര്‍പ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിന് ജില്ലാ കളക്ടര്‍മാര്‍ നേതൃത്വം നല്‍കുമെന്നും, താലൂക്കുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഈ അദാലത്തുകള്‍ നടത്തുകയെന്നും, ചിലയിടങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുമെന്നും അറിയിച്ചു.

സംസ്ഥാനത്ത് നാളുകളായി താമസിക്കുന്ന റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് അത് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും. അതിന്റെ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുമെന്നും വീടിന് പെര്‍മിറ്റ് ലഭിച്ചിട്ടില്ല എന്നതൊന്നും അതിന് മാനദണ്ഡമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വഴിയോര വിശ്രമ കേന്ദ്രങ്ങള്‍, സംസ്ഥാനത്തൊട്ടാകെ 12,000 പുതിയ ശുചിമുറികള്‍, 37 കോടി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കാനുള്ള പദ്ധതി തുടങ്ങിയവയും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് യൂത്ത് ലീഡര്‍ഷിപ്പ് അക്കാഡമികള്‍ തുടങ്ങുമെന്നും വിദ്യാര്‍ഥികള്‍ക്ക് പാര്‍ട് ടൈം ജോലി എന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് പലയിടത്തും റോഡുകൾ തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണ്. അഞ്ച് മാസത്തിനകം റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂര്‍ണ്ണമായും നടപ്പാക്കും. ഗ്രാമീണ മേഖലയിലെ റോഡുകളിൽ അടക്കം നവീകരണ ജോലികൾ നടക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ തങ്ങാന്‍ പട്ടണ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീ സൗഹൃദ കേന്ദ്രങ്ങള്‍ തുടങ്ങാനും മന്ത്രിസഭാ യോഗം തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top