സ്ഥലം മാറ്റം; ഡിജിപിയെ തിരുത്തി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: സായുധസേനയിലെ സ്ഥലംമാറ്റ പട്ടിക തിരുത്തിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. അസിസ്റ്റന്റ് കമാന്‍ഡര്‍മാരുടെ സ്ഥലം മാറ്റപട്ടിക തിരുത്തിയ ബെഹ്‌റയുടെ ഉത്തരവ് ആഭ്യന്തരവകുപ്പ് റദ്ദാക്കി. സ്ഥലം മാറ്റപ്പെട്ടവരില്‍ അഞ്ച് പേരെ അവരുടെ സൗകര്യം അനുസരിച്ച് ഡിജിപി മാറ്റി നിയമിച്ചിരുന്നു. ഡിജിപിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും സ്ഥലംമാറ്റ ഉത്തരവില്‍ ഡിജിപിക്ക് ഇടപെടാന്‍ കഴിയില്ലെന്നുമാണ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നത്.

ഡിജിപി വരുത്തിയ സ്ഥലംമാറ്റ ഉത്തരവിലെ തിരുത്ത് റദ്ദാക്കപ്പെട്ടതോടെ അഞ്ച് ഉദ്യോഗസ്ഥരും പഴയ പട്ടിക അനുസരിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കണം. ഇത് നടപ്പാക്കിയെന്ന് ഉറപ്പ് വരുത്തി ഡിജിപി അഞ്ച് ദിവസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും ആഭ്യന്തര വകുപ്പ് പുതുക്കി ഉത്തരവിറക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് ആംഡ് പൊലീസ് ബറ്റാലിയനിലെ ഒരു സംഘം ഇന്‍സ്‌പെക്ടര്‍മാരെ അസിസ്റ്റന്‍ഡ് കമാന്റര്‍മാരായി നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഇതിന് തൊട്ടുപിന്നാലെ ഇതില്‍ ഉള്‍പ്പെട്ട അഞ്ച് പേരെ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് എന്ന നിലയില്‍ അവര്‍ക്കിഷ്ടമുള്ള ഇടത്തേക്ക് മാറ്റി ഡിജിപി സ്ഥലം മാറ്റ ഉത്തരവില്‍ തിരുത്തല്‍ വരുത്തി. സിജു എസ്, സുരേഷ് കെ, രാജു എബ്രഹാം, ശ്രീജിത്ത് എസ് എസ്, അജയകുമാര്‍ പി എം എന്നീ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റമാണ് ഡിജിപി തിരുത്തിയത്.

Top