പൗരത്വ ഭേദഗതി; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കി. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞു.

പൗരത്വ ദേദഗതിക്കെതിരെ കോടതിയില്‍ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പൗരത്വ നിയമ ദേദഗതിക്കെതിരെ ആദ്യം മുതലേ വന്‍ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സര്‍ക്കാര്‍ ചോദ്യംചെയ്യുമെന്നുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.

പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. നിയമഭേദഗതി പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു.

Top